മുക്കാൽ കിലോ സ്വർണവുമായി കാസർകോട് സ്വദേശി കണ്ണൂരിൽ പിടിയിൽ

 കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 39.73 ലക്ഷം രൂപ വിലമതിക്കുന്ന 768 ഗ്രാം സ്വര്‍ണം കസ്റ്റംസും എയര്‍ ഇന്റലിജന്‍സ് യൂണിറ്റും ചേര്‍ന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി മുഹമ്മദ് റഫീഖിനെ അറസ്റ്റ് ചെയ്തു. ടെര്‍മിനല്‍ കെട്ടിടത്തിലെ ടോയ്ലറ്റില്‍ ഉപേക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ റഫീഖ് സ്വര്‍ണം ഉപേക്ഷിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തി. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനത്തിലാണ് മുഹമ്മദ് റഫീഖ് എത്തിയത്. കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ എന്‍.സി പ്രശാന്ത്, കെ.ബിന്ദു, ഇന്‍സ്പെക്ടര്‍മാരായ രാംലാല്‍, ജിനേഷ്, നിവേദിത, ദീപക്, എന്‍.രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിനങ്ങളിലും സ്വര്‍ണക്കടത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today