പ്രവാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി അന്വേഷണം കർണാടകയിലേക്കും, രണ്ട് പേർ കസ്റ്റഡിയിൽ

 കുമ്പള: സീതാംഗോളി മൂഗുവിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിലെ രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ. കൊലയ്ക്ക് പിന്നിൽ അന്തർ സംസ്ഥാന ബന്ധങ്ങളുള്ള കുമ്പള സ്വദേശിയാണെന്ന സംശയത്തെത്തുടർന്ന് അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇന്നലെ രാത്രിയാണ് പുത്തിഗെ മുഗുറോഡിലെ അബ്ദുൾ റഹ്മാന്റെ മകനും പ്രവാസിയുമായ അബൂബക്കർ സിദ്ധിഖിനെ 34, ഒരു സംഘം മൃതപ്രായനാക്കി കുമ്പള ബന്തിയോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. യുവാവിനെ ആശുപത്രിയിലെത്തിച്ച സംഘം ഉടൻ സ്ഥലത്ത് നിന്നും മുങ്ങി.


ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അബൂബക്കർ സിദ്ധിഖിന്റെ മരണം സ്ഥിരീകരിച്ചു. ദുബായിലുള്ള അബൂബക്കർ സിദ്ധിഖിന്റെ സഹോദരൻ അൻവറിനെയും ബന്ധു അൻസാറിനേയും രണ്ട് ദിവസം മുമ്പ് ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. സഹോദരനെ തട്ടിക്കൊണ്ടുപോയ സംഘം വിവരം ഗൾഫിലുള്ള അബുബക്കർ സിദ്ധിഖിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. മംഗളൂരുവിൽ വിമാനമിറങ്ങിയ അബുബക്കർ സിദ്ധിഖ് തട്ടിക്കൊണ്ടുപോകൽ സംഘത്തിന്റെ പൈവളിഗെയിലെ കേന്ദ്രത്തിലാണെത്തിയത്.


തുടർന്ന് മണിക്കൂറുകൾക്കുള്ളിലാണ് യുവാവിനെ അക്രമി സംഘം മൃതപ്രായനാക്കി ആശുപത്രിയിലുപേക്ഷിച്ച് കടന്നു കളഞ്ഞത്. സംഭവത്തിന് പിന്നിൽ ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് പ്രാഥമിക വിവരം. ശരീരത്തിലേറ്റ കുത്തുകളാണ് മരണകാരണമായത്. രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ അബൂബക്കർ സിദ്ധിഖിന്റെ സഹോദരൻ അൻവർ, ബന്ധു അൻസാർ എന്നിവർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കുമ്പള ഐപി, പി. പ്രമോദ് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി.


അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയിലെത്തിച്ച് മുങ്ങിയ സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു. കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. അബൂബക്കർ സിദ്ധിഖിനെ ആശുപത്രിയിലെത്തിച്ച് മുങ്ങിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.


കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. കൊല്ലപ്പെട്ട അബൂബക്കർ സിദ്ധിഖിന്റെ സുഹൃത്ത്, അബൂബക്കർ സിദ്ധിഖിനെ ആശുപത്രിയിലെത്തിച്ച കാറിന്റെ ഉടമ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്


Previous Post Next Post
Kasaragod Today
Kasaragod Today

Artic