മേൽപ്പറമ്പ് : മേൽപ്പറമ്പിൽ നിന്നും വീടുവിട്ട ഡോക്ടറുടെ മകളെ പയ്യന്നൂർ ടൗണിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ജുലൈ 16 മുതൽ കളനാട്ട് നിന്നും കാണാതായ 19 കാരിയെയാണ് പയ്യന്നൂർ ടൗണിൽ അബോധാവസ്ഥയിൽ ഇന്നലെ കണ്ടെത്തിയത്.
മംഗളൂരു നിട്ടെ സർവ്വകലാശാലയിൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയും, കളനാട് റേഷൻ കടയ്ക്ക് സമീപം കോഴിത്തിഡിൽ റോഡിൽ മറിയം മൻസിലിൽ ഡോ. മുഹമ്മദിന്റെ മകളുമായ മറിയം റഷീദയെയാണ് പയ്യന്നൂരിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിൽ വീടുവിട്ട പെൺകുട്ടി പയ്യന്നൂർ ടൗണിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
ഇന്നലെ രാവിലെ മുറിയൊഴിഞ്ഞ വിദ്യാർത്ഥിനി നടന്നു പോകുമ്പോൾ ടൗണിൽ തലകറങ്ങി വീഴുകയായിരുന്നു. പെൺകുട്ടി രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല. ഇതേത്തുടർന്നുണ്ടായ അവശതയാണ് തല കറങ്ങി വീഴാൻ കാരണം. വിദ്യാർത്ഥിനിയോട് കുടുംബ വിവരങ്ങൾ ചോദിച്ചറിഞ്ഞ ആശുപത്രി അധികൃതർ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു
.