കാഞ്ഞങ്ങാട് : ജ്വല്ലറി ഉടമയെ വാനിടിച്ച് വീഴ്ത്തി പണം കവര്‍ച്ചചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ കൂടി ഇൻസ്പെക്ടർ ടി.കെ.മുകുന്ദനും സംഘവും അറസ്റ്റുചെയ്തു.
കാസര്‍കോട് നെല്ലിക്കട്ട പാടി അതിര്‍കുഴിയിലെ സുചിത്രനിവാസില്‍ ചന്ദ്രശേഖരന്റെ മകന്‍ സൂജി എന്ന എ. സുജിത്ത്(27) , ആലുവ മഹിളാലയം തോട്ടുമുഖത്ത് നമ്പിപ്പറമ്പില്‍വീട്ടില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ സിയാദ് എന്ന എന്‍.കെ.നിയാസ്(31) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി പരിസരത്ത് വെച്ച് അറസ്റ്റുചെയ്തത്. പോലീസ് സംഘത്തിൽ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ്, ഡ്രൈവര്‍ ബാബു എന്നിവരും ഉണ്ടായിരുന്നു.
ചുള്ളിക്കരയിലെ പവിത്ര ജ്വല്ലറി ഉടമ ഇരിയ ബംഗ്ലാവിന് സമീപത്തെ ബാലചന്ദ്രനെ(43) കഴിഞ്ഞമാസം 19 ന് രാത്രി 10 മണിയോടെ കാഞ്ഞങ്ങാട്-പാണത്തൂര്‍ ദേശീയപാതയില്‍ ഇരിയ ക്രിസ്ത്യന്‍പള്ളിക്ക് സമീപം വെച്ച് അക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായ സുജിത്തും നിയാസും. സംഭവത്തിന് ശേഷം മൈസൂര്‍, ഊട്ടി, ട്രിച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിയ ഇരുവരും ഒടുവില്‍ കയ്യിലെ പണം തീര്‍ന്നപ്പോള്‍ കള്ളവണ്ടി കയറി കാസര്‍കോട്ടെത്തുകയായിരുന്നു. ഇവിടെനിന്നും കാസര്‍കോട് സ്റ്റാന്റില്‍ എത്തിയപ്പോഴാണ് സിഐ മുകുന്ദനും സംഘവും ഇരുവരേയും പിടികൂടിയത്. ഇവരെ ഇന്ന് ഉച്ചകഴിഞ്ഞ് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. ബാലചന്ദ്രനെ അക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമിച്ച കേസില്‍ കുഡ്‌ലു സ്വദേശി സത്താര്‍(41), പള്ളിക്കരയിലെ അബ്ദുള്‍ സലാം(51) എന്നിവരെ ആദ്യം കേസന്വേഷിച്ച അമ്പലത്തറ സിഐയായിരുന്ന രഞ്ജിത്ത് രവീന്ദ്രനും സംഘവും അറസ്റ്റുചെയ്തിരുന്നു. ഇവര്‍ ഇപ്പോഴും റിമാന്റിലാണ്. കഴിഞ്ഞദിവസം ഇവരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ജ്വല്ലറി അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാലചന്ദ്രന്റെ ബുള്ളറ്റിനെ വാനിടിച്ച് വീഴ്ത്തിയശേഷം അക്രമിച്ച് പണം തട്ടാനായിരുന്നു നാലംഗസംഘം ശ്രമിച്ചത്. എന്നാല്‍ ഇവരുടെ ശ്രമം പാളുകയായിരുന്നു. ബാലചന്ദ്രനെ ഇടിച്ചുവീഴ്ത്തിയ സംഘം അപകടം അബദ്ധത്തില്‍പറ്റിയതാണെന്ന് പറഞ്ഞ് രക്ഷകരായി ചമഞ്ഞ് ബാലചന്ദ്രനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച് മുഖത്ത് മുളക്‌പൊടി വിതറി അക്രമിക്കുകയായിരുന്നു. എന്നാല്‍ ആളുകള്‍ വരുന്നത് കണ്ട് ഇവര്‍ ബാലചന്ദ്രനെ ഉപേക്ഷിച്ച് വാഹനത്തില്‍ രക്ഷപ്പെട്ടത്
.