കാസര്‍കോട്: മരുന്നു കമ്പനിയുടെ പേരില്‍ മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്റെ 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ സൂത്രധാരന്‍ പൊലീസ് കസ്റ്റഡിയില്‍. നൈജീരിയന്‍ സ്വദേശി ആന്റണി ഒഥേവോറോബോ(36)ആണ് അറസ്റ്റിലായത്. ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ പി അജിത്ത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ മധു ബംഗ്‌ളൂരുവിലെത്തിയാണ് അറസ്റ്റു ചെയ്‌തത്. ആന്റണിയെന്നതിനു പുറമെ മറ്റു പലപേരുകളും ഇയാള്‍ക്ക് ഉള്ളതായി പറയുന്നുണ്ട്.
വിദ്യാനഗര്‍ ഓലത്തിരി, ജേര്‍ണലിസ്റ്റ് കോളനിയിലെ താമസക്കാരനും ഗ്രാമീണ ബാങ്കിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനുമായ മാധവന്റെ പരാതിപ്രകാരമാണ് കേസ്.
ജൂണ്‍ ഒമ്പതു മുതല്‍ 18 വരെയുള്ള ദിവസങ്ങളിലായി 43 ലക്ഷം രൂപ പ്രതികള്‍ നല്‍കിയ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. പിന്നീടാണ് താന്‍ വഞ്ചിക്കപ്പെട്ടതായി മാധവന്‍ തിരിച്ചറിഞ്ഞത്. ഇയാള്‍ നല്‍കിയ പരാതി പ്രകാരം തമിഴ്‌നാട് സ്വദേശിയായ അനില്‍ തുടങ്ങി അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് സൂത്രധാരന്‍ പിടിയിലായത്
.