പെരിയ : തിങ്കളാഴ്ച രാവിലെ പെരിയ കേളോത്തും പരിസരപ്രദേശങ്ങളും ഉറക്കമുണർന്നത് നീലകണ്ഠന്റെ കൊലപാതകവാർത്ത അറിഞ്ഞാണ്. നാട്ടിലെ സൗമ്യസ്വഭാവക്കാരനായ യുവാവിന്റെ മരണവാർത്ത ഞെട്ടലോടെയാണ് ഗ്രാമം കേട്ടത്. പ്രാരബ്ധം നിറഞ്ഞ കുടുംബത്തെ കഠിനാധ്വാനം കൊണ്ട് മുന്നോട്ട് നയിച്ച നീലകണ്ഠനെക്കുറിച്ച് എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളു. യാതൊരു ദുശ്ശീലവും ഇല്ലാത്ത നീലകണ്ഠൻ ബഹളങ്ങളിൽനിന്ന് വിട്ടുമാറി ജീവിച്ചയാളാണ്.
നീലകണ്ഠന്റെ കൊലപാതകത്തിൽ കലാശിച്ചത് 200 രൂപയെ ചൊല്ലിയുള്ള തർക്കംമെന്ന് വിവരം, കൊല്ലപ്പെട്ട നീലകണ്ഠന്റെ മരുമകൻ പെയിന്റ് ജോലിക്കുപോയ വകയിൽ 600 രൂപ ലഭിച്ചിരുന്നുവെങ്കിലും ഇടനിലക്കാരനായിരുന്ന ഗണേശൻ 400 രൂപ മാത്രമേ നൽകിയിരുന്നുള്ളൂ. 200 രൂപ മരുമകന് നൽകാത്തതിനെ നീലകണ്ഠൻ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഗണേശൻ നാടിനെ നടുക്കിയ കൊലപാതകം നടത്തിയതെന്നാണ് സൂചന. കേരളം വിട്ട പ്രതിക്കായി കർണാടകയിലുൾപ്പെടെ പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്
കൊലപാതക വിവരമറിഞ്ഞ് നൂറുകണക്കിനാൾക്കാരാണ് വീടിനും പരിസര പ്രദേശങ്ങളിലുമായി തടിച്ചുകൂടിയത്.
ചിക്കമംഗളൂരുവിലെ വീട്ടിലുള്ള ഭാര്യയെയും ഏകമകൾ ആത്മികയെയും അടുത്ത ദിവസം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു നീലകണ്ഠൻ. പ്രതിയെന്ന് സംശയിക്കുന്ന സഹോദരീഭർത്താവ് ഗണേശനും നീലകണ്ഠനും ഒരുമിച്ച് ഒരുവീട്ടിൽ ഉണ്ടുറങ്ങിയവരാണ്. ഞായറാഴ്ചയും ഇരുവരും ഒരുമിച്ചായിരുന്നു. ഭാര്യ സ്ഥലത്തില്ലാത്തതിനാൽ ഞായറാഴ്ച രാത്രിയും ഇരുവർക്കുമുള്ള ഭക്ഷണം മരുമകനായ അഭിജിത്ത് എത്തിച്ചുനൽകിയിരുന്നു. ഇവരെ ഒരുമിച്ച് അവസാനമായി കണ്ടതും അഭിജിത്താണ്.തിങ്കളാഴ്ച രാവിലെ പ്രഭാതഭക്ഷണവുമായി എത്തിയപ്പോഴാണ് വീട് പുറത്തുനിന്ന് പൂട്ടിയ നിലയിൽകണ്ടത്. തുറന്നുനോക്കിയപ്പോൾ കണ്ടത് മരിച്ചുകിടക്കുന്ന നീലകണ്ഠനെയാണ്. ഇതോടെ കൊലപാതകവിവരം നാടറിഞ്ഞു. ഗണേശനെ പുലർച്ചെ പെരിയ ടൗണിൽ ബസ് കാത്തുനിൽക്കുന്നതായി കണ്ടവരുണ്ട്. കർണാടകയിലേക്ക് കടന്നെന്ന് സംശയിക്കുന്ന ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. നീലകണ്ഠന്റെ മൂത്ത സഹോദരി സുശീലയുടെ ഭർത്താവാണ് ഗണേശൻ. ഇയാൾ ബെംഗളൂരു സ്വദേശിയാണ്. കൂടാതെ നീലകണ്ഠന്റെ ഭാര്യയുടെ അകന്ന ബന്ധുവുമാണ്. കൊലപാതക വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പുല്ലൂർ-പെരിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ, മുൻ എം.എൽ.എ. കെ. കുഞ്ഞിരാമൻ, ജനപ്രതിനിധികളായ എം.കെ. ബാബുരാജ്, സീത തുടങ്ങിയവർ സ്ഥലത്തെത്തി
.