കർണാടകയിൽ നിന്നു ലഹരിമരുന്ന്, മദ്യം കടത്ത് തടയാൻ അതിർത്തിയിൽ കർശന പരിശോധന

 ഇരിട്ടി∙ ഓണാഘോഷവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നു കേരളത്തിലേക്ക് ലഹരി മരുന്നുകളും മദ്യവും മറ്റും കടത്തി കൊണ്ടുവരുന്നത് തടയാൻ കർശന പരിശോധനയുമായി പൊലീസ്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും കൂട്ടുപുഴ-മാക്കൂട്ടം അതിർത്തിയിൽ പരിശോധന നടക്കും. പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി കൂട്ടുപുഴയിലെ പഴയപാലം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു.പുതിയ പാലത്തിന് സമീപം പരിശോധന നടക്കുന്നതിനിടെ ചില വാഹനങ്ങൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇതുവഴി കടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇതോടെ നടന്നു പോകാനുള്ള വഴി മാത്രം വച്ച് വാഹനങ്ങൾ കടന്നു പോകാത്ത വിധം പാലം അടയ്ക്കുകയായിരുന്നു. പഴയപാലം അടച്ചാൽ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് ഓണം കഴിയുന്നതുവരെ അടച്ചിടാൻ തീരുമാനിച്ചത്.ഇക്കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ നിരവധി തവണ ചെക്ക്‌ പോസ്റ്റ് വഴി കടത്തി കൊണ്ടുവന്ന എംഡിഎംഎ, എൽഎസ്ഡി സ്റ്റാംപുകൾ അടക്കമുള്ള മാരക ലഹരി മരുന്നുകൾ പൊലീസും, എക്സൈസും പിടികൂടിയിരുന്നു. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇവ കടത്തി കൊണ്ടുവരുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് മദ്യവും ലഹരി പദാർഥങ്ങളും അതിർത്തി കടന്ന് എത്താനുള്ള സാധ്യത കൂടുമെന്നാണ് പൊലീസിന്റെ ധാരണം.ഇതേ തുടർന്നാണ് 24 മണിക്കൂറും പരിശോധന നടത്താൻ പ്രേരിപ്പിച്ചത്. ബൈക്കുകൾ ഉൾപ്പെടെ ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും കർശനമായി പരിശോധിക്കും. കൂട്ടുപുഴ പഴയ പാലം അടച്ചതോടെ ഇതിന് സമീപത്തുള്ള സ്നേഹഭവനിലേക്ക് അന്തേവാസികളെ കാണാനും സാധന സാമഗ്രികൾ കൊണ്ട് പോകാനും കഴിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today