വായ്പാ സബ്സിഡി മേളയിൽ സംരംഭം തുടങ്ങാൻ താത്പര്യവുമായി എത്തിയത് 2536 പേർ

 വ്യവസായ വാണിജ്യ വകുപ്പ്‌ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിച്ച വായ്‌പ ലൈസൻസ് സബ്‌സിഡി മേള സമാപിച്ചു. ജില്ലാതല സമാപനം മടിക്കൈ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്ഘാടനം ചെയ്തു. 

ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ആറിന് എൻമകജെ പഞ്ചായത്തിലാണ് വായ്‌പാ ലൈസൻസ് സബ്‌സിഡി മേള തുടങ്ങിയത്‌. 

തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിച്ച മേളയിൽ ആകെ 3.55 കോടി രൂപയാണ് വായ്പയായി സംരംഭകർക്ക്‌ നൽകിയത്‌. 11 ലക്ഷം സബ്‌സിഡി ഇനത്തിൽ കൈമാറി. എല്ലാ മേളകളിലുമായി 2536 പേർ പങ്കെടുത്തു. ഇതിൽ 1259 പേർ വായ്‌പ തേടി. 750 പേർ സബ്‌സിഡി , ലൈസൻസ് സംബന്ധമായ കാര്യങ്ങളും തിരക്കി. 33 പേർക്ക് സബ്‌സിഡിയും 97 പേർക്ക് വായ്‌പയും വിതരണം ചെയ്തു. കെ സ്വിഫ്റ്റ് മുഖേന 33 പേർക്ക് സംരംഭകം തുടങ്ങാൻ അനുമതിയും നൽകി. മടിക്കൈ പഞ്ചായത്ത് ഹാളിൽ നടന്ന സമാപനത്തിൽ 150 ഓളം പേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ .സജിത് കുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ, സ്ഥിരം സമിതി ചെയർപേഴ്‌സൺ പി സത്യ എന്നിവർ സംസാരിച്ചു. കെ പി വരുൺ സ്വാഗതവും താലൂക്ക് വ്യവസായ വികസന ഓഫീസർ എൻ അശോക് നന്ദിയും പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today