പൊലീസ് ഡ്രൈവറുടെ
വീട്ടിൽ കവർച്ച, സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചു
ആദൂര്‍: കാനത്തൂരില്‍ പൊലീസ് ഡ്രൈവറുടെ അടച്ചിട്ട വീട് കുത്തിതുറന്ന് സ്വര്‍ണം മോഷ്ടിച്ചു. ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ജയപ്രകാശിന്റെ കുടുംബവീട്ടിലാണ് മോഷണം. ജയപ്രകാശ് രണ്ടുമാസക്കാലമായി നീര്‍ച്ചാലിലെ പുതിയ വീട്ടിലാണ് താമസം. മാതാപിതാക്കള്‍ മാത്രമാണ് കാനത്തൂരിലെ വീട്ടില്‍ താമസിക്കുന്നത്. സഹോദരങ്ങള്‍ ബംഗളൂരുവിലാണ്. ജൂലായ് 29ന് മാതാപിതാക്കള്‍ കാനത്തൂരിലെ വീട് പൂട്ടി ജയപ്രകാശിനൊപ്പം താമസിക്കാന്‍ നീര്‍ച്ചാലിലെ വീട്ടിലേക്ക് വന്നതായിരുന്നു. ഇന്നലെ രാവിലെ ജയപ്രകാശും മാതാപിതാക്കളും കാനത്തൂരിലെത്തിയപ്പോള്‍ വീടിന്റെ അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടു. അകത്തുകയറി പരിശോധിച്ചപ്പോഴാണ് അലമാരയിലുണ്ടായിരുന്ന അരപ്പവന്റെ സ്വര്‍ണം മോഷ്ടിച്ചതായി അറിഞ്ഞത്. തൊട്ടടുത്ത മറ്റൊരു അലമാരയിലും സ്വര്‍ണമുണ്ടെങ്കിലും ഇത് മോഷണം പോയില്ല. ഇതുസംബന്ധിച്ച് നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയില്‍ ഒരു വിരലടയാളം ലഭിച്ചു. ഈ വിരലടയാളം കേന്ദ്രീകരിച്ചാണ് അന്വേഷണം. കാനത്തൂരിലും പരിസരങ്ങളിലും സ്ഥിരമായി അടക്കമോഷണവും അടച്ചിട്ട വാതില്‍ കുത്തിതുറന്നുള്ള മോഷണവും നടക്കുന്നുണ്ട്. എന്നാല്‍ പലരും പരാതി നല്‍കാറില്ല. മോഷ്ടാക്കളുടെ ശല്യം പെരുകുന്നതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്.