കാസര്‍കോട്: കോട്ടിക്കുളം റെയില്‍വേ പാളത്തില്‍ ഇരുമ്ബുപാളി വെച്ച സംഭവത്തില്‍ തമിഴ്‌നാനാട്ടില്‍ നിന്നുള്ള 22-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബേക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കനകവല്ലി (22) ആണ് അറസ്റ്റിലായത്. 10 ദിവസം മുമ്ബാണ് കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്ബുപാളി പാളത്തില്‍ വെച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ അട്ടിമറി ശ്രമമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്ന് പൊലീസും ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി പരിശോധന നടത്തി. റെയില്‍വേ സുരക്ഷാ കമീഷനറടക്കമുള്ളവരും അന്വേഷണത്തിന് വേണ്ടി കാസര്‍കോട് എത്തിയിരുന്നു.
കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഇരുമ്ബുപാളി റെയില്‍വേ പാളത്തില്‍ വെച്ചാല്‍ ഇതിലൂടെ ട്രെയിന്‍ കടന്ന് പോവുമ്ബോള്‍ കോണ്‍ക്രീറ്റ് ഭാഗം പൊളിഞ്ഞ് കൂടെ ഉള്ള ഇരുമ്ബുപാളി മാത്രമായി കിട്ടുമെന്നായിരുന്നു കനകവല്ലി കരുതിയതെന്ന് പൊലീസ് പറയുന്നു. ഇരുമ്ബ് ആക്രി വില്‍പനയ്ക്കായി കിട്ടുമെന്ന് കരുതിയാണ് കനകവല്ലി ഇത് ചെയ്തതെന്നും മറ്റു ദുരുദ്ദേശം ഒന്നും ഉണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു.
പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അപകട സാധ്യതയെ കുറിച്ചോ മറ്റോ ഇവര്‍ക്ക് ബോധ്യമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പാളത്തില്‍ ഇരുമ്ബു പാളി കണ്ടെത്തിയ ദിവസം തന്നെ ചിത്താരിയില്‍ ട്രെയിനിന് നേരെ കല്ലേറും കോട്ടിക്കുളത്ത് ബിയര്‍ ബോട്ടില്‍ കൊണ്ടുള്ള ഏറും കുമ്ബളയിലും തളങ്കരയിലും പാളത്തില്‍ കല്ല് നിരത്തിവെച്ച സംഭവവും നടന്നിരുന്നു. അഞ്ച് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
.