തിരുവനന്തപുരം : എയിംസ് കാസര്‍കോട് സ്ഥാപിക്കണം എന്നതടക്കം ആവശ്യങ്ങളുയര്‍ത്തി എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റില്‍ നടത്തുന്ന സമരത്തിനിടെ ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച വൈകീട്ട് 5.40 ഓടെയാണ് ദയാബായിയെ പൊലീസ് ബലംപ്രയോഗിച്ച് അററസ്റ്റ് ചെയ്തതെന്ന് സംഘാടകസമിതി ചെയര്മാന് അമ്ബലത്തറ കുഞ്ഞികൃഷ്ണന് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ചികിത്സയും പുനരധിവാസവും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഈമാസം രണ്ടിനാണ് അവര്‍ നിരാഹാര സമരം ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ ഡോക്ടര്‍ എത്തി ദയാബായിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.
എന്നാല്‍, വൈകീട്ടോടെ പൊലീസ് എത്തിയപ്പോള്‍ കെ റെയില്‍ സമരത്തില്‍ സ്ത്രീകളെ വലിച്ചിഴച്ചതുപോലെ തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ദയാബായി പറഞ്ഞു. പൊലീസുമായി തര്‍ക്കമുണ്ടായെങ്കിലും ബലംപ്രയോഗിച്ച് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഭീഷണിപ്പെടുത്തി സമരം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം തുടരും. കാസര്‍കോട് ദുരിതം അനുഭവിക്കുന്ന ഇരകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മനുഷ്യത്വപരമായി ഇടപെടല്‍ നടത്തണം. അതിന് പകരം പൊലീസ് ഇടപെടല്‍ നടത്തുന്നത് ജനാധിപത്യ സംവിധാനത്തിന് യോജിച്ച രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ വ്യക്തി എന്ന നിലയില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാലാണ് സഹനസമരത്തിന് തയാറായതെന്നും ദയാബായി പറഞ്ഞു. ആരോഗ്യത്തോടെ ജീവിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുക എന്നത് ഭരണഘടനപരമാണ്. അത് നിറവേറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ദയാബായി ആവശ്യപ്പെട്ടു.
എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തുക, ജില്ലയിലെ അഞ്ച് ആശുപത്രികളില്‍ വിദഗ്ധചികിത്സ സംഘത്തെ നിയോഗിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നടത്താറുള്ള ചികിത്സ ക്യാമ്ബ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കൂടംകുളം ആണവനിലയ വിരുദ്ധ സമരനേതാവ് എസ്.പി. ഉദയകുമാര്‍ ഉദ്ഘാട
നം ചെയ്തത്.