കാസര്‍കോട്: മുംബൈയിലെ ലഹരിവേട്ടയില്‍ അന്വേഷണം നേരിടുന്ന മന്‍സൂര്‍ നിരപരാധിയെന്ന് അച്ഛന്‍ ടി പി മൊയ്തീന്‍.
കഴിഞ്ഞ മാസം 19 നാണ് മകന്‍ ആഫ്രിക്കയിലേക്ക് പോയതെന്നും രണ്ട് മാസം മന്‍സൂര്‍ നാട്ടിലുണ്ടായിരുന്നുവെന്ന് മൊയ്തീന്‍ പറയുന്നു. ഈ സമയത്താണ് പാഴ്സല്‍ വന്നതെന്ന് കരുതുന്നു. പാഴ്സല്‍ അയച്ച ഗുജറാത്ത് സ്വദേശിയാണ് ലഹരി മരുന്ന് കടത്തിന് പിന്നിലെന്ന് മൊയ്തീന്‍ ആരോപിക്കുന്നു.
രാജ്യത്തേക്ക് വന്‍ തോതില്‍ ലഹരി മരുന്ന് കടത്തിയ കേസില്‍ നവി മുംബൈയില്‍ വെച്ചാണ് മലയാളി അറസ്റ്റിലായത്. എറണാകുളം സ്വദേശി വിജിന്‍ വര്‍ഗീസാണ് ഡിആര്‍ഐയുടെ പിടിയിലായത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന പേരിലാണ് 1476 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ എത്തിച്ചത്. ചോദ്യം ചെയ്യലിനിടെ തന്‍റെ കൂട്ടാളിയെ കുറിച്ചും ഇയാള്‍ വിവരം നല്‍കുകയായിരുന്നു. കാസര്‍കോട് സ്വദേശിയായ മന്‍സൂര്‍ തച്ചന്‍ പറമ്ബന്‍ എന്നയാളാണ് പിടികൂടിയ കണ്‍സൈന്‍മെന്‍റ് എത്തിക്കാന്‍ മുന്‍കൈ എടുത്തതെന്നാണ് വിജിന്‍ മൊഴി നല്‍കിയത്. മുന്‍പ് പലവട്ടം മന്‍സൂറുമായി ചേര്‍ന്ന് പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും 70,30 അനുപാതത്തിലാണ് ലാഭം പങ്കുവച്ചിരുന്നതെന്നും വിജിന്‍ പൊലീസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 1476 കോടി വില വരുന്ന 198 കിലോ വീര്യം കൂടിയ ക്രിസ്റ്റല്‍ മെത്ത്, 9 കിലോ കൊക്കൈയ്ന്‍ എന്നീ ലഹരി മരുന്നുകള്‍ ഡിആര്‍ഐ പിടികൂടിയത്. ട്രക്കില്‍ കടത്തുന്നതിനിടെ വഴിയില്‍ തടഞ്ഞ് വച്ച് പിടികൂടുകയായിരുന്നു. വലന്‍സിയ ഓറഞ്ച് എന്ന പേരിലാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗില്‍ നിന്ന് ലഹരി മരുന്ന് എത്തിച്ചത്. എറണാകുളം സ്വദേശി വിജിന്‍ വര്‍ഗീസിന്‍റെ കമ്ബനിയായ യമ്മി ഇന്‍റ്ര്‍ണാഷണല്‍ ഫുഡ്സ് എന്ന കമ്ബനിയുടെ പേരിലായിരുന്നു ഇറക്കുമതി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ വിജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ഡിആര്‍ഐ കസ്റ്റഡിയില്‍ വാങ്ങി.
നിലവില്‍ ഒളിവിലാണ് മന്‍സൂര്‍. മോര്‍ ഫ്രഷ് ഫുഡ്സ് എന്നൊരു പഴവര്‍ഗ ഇറക്കുമതി കമ്ബനി ഇയാള്‍ക്കുമുണ്ട്. കൊവിഡ് കാലത്ത് ദുബായിലേക്ക് മാസ്ക് കയറ്റി അയച്ചുള്ള കച്ചവടത്തിലൂടെയാണ് മന്‍സൂറും വിജിനും സൗഹൃദം തുടങ്ങുന്നതെന്ന് ഡിആര്‍ഐ പറയുന്നു. പിന്നീട് മറ്റ് ബിസിനസുകളിലും സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോവാനാണോ ഇന്ത്യയില്‍ വിതരണം ചെയ്യാനാണോ ഇത്രയും അളവ് ലഹരി മരുന്ന് എത്തിച്ചതെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. വിജിന്‍റെ സഹോദരനും യമ്മി ഇന്‍റര്‍നാഷണല്‍ ഫുഡ്സ് എന്ന സ്ഥാപനത്തിന്‍റെ സഹ ഉടമയുമായ ജിബിന്‍ വര്‍ഗീസിനെ കേന്ദീകരിച്ചും അന്വേഷണം തുട
രുകയാണ്.