തൃശ്ശൂരിൽ നടന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായി കാസർഗോഡ് ജില്ല

 തൃശൂര്‍: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും മുത്തമിട്ട് കാസര്‍കോട് ജില്ല.

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു പരാജയം പോലുമറിയാതെയാണ് കാസര്‍കോട് ജില്ല ജേതാക്കളായത്. ഇന്നലെ നടന്ന അത്യന്തം വാശിയേറിയ കലാശക്കളിയില്‍ മലപ്പുറം ജില്ലാ ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴക്കിയാണ് കാസര്‍കോട് കപ്പേന്തിയത്. കാസര്‍കോടിന് വേണ്ടി പടന്ന കടപ്പുറം സ്വദേശി ഇനാസ് വിജയഗോള്‍ നേടി.

എളമ്പച്ചിയിലെ റാഷിദ് ടൂര്‍ണ്ണമെന്റിലെ താരമായി. മികച്ച ഗോള്‍ കീപ്പറായി എളമ്പച്ചിയിലെ മുഹമ്മദ് ഇക്ബാലും ഫോര്‍വേഡായി ഇനാസും തിരഞ്ഞെടുക്കപ്പെട്ടു. 2016ന് ശേഷം ഇതാദ്യമായാണ് കാസര്‍കോട് ജില്ല ചാമ്പ്യന്‍പട്ടം സ്വന്തമാക്കുന്നത്. ആദ്യ മത്സരത്തില്‍ പത്തനംതിട്ടയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ കണ്ണൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും സെമിയില്‍ കോട്ടയത്തെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കും പരാജയപ്പെടുത്തി ഫൈനലില്‍ എത്തിയ കാസര്‍കോട് മലപ്പുറത്തിനെ എതിരില്ലാത്ത ഒരുഗോളിന് അടിയറവ് പറയിക്കുകയായിരുന്നു.

ടീമിനെ മികച്ച രീതിയിലാണ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പരിശീലിപ്പിച്ചത്. ഷഷിന്‍ ചന്ദ്രന്‍ കോച്ചും നവാസ് പള്ളിക്കാല്‍ മാനേജറും അദിനാന്‍ ഫിസിയോയുമായ ടീമിന്റെ മത്സരങ്ങള്‍ കാണാന്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് വീരമണി, സെക്രട്ടറി റഫീഖ് പി.കെ.എം, വൈസ് പ്രസിഡണ്ടുമാരായ കബീര്‍ കമ്പാര്‍, രാജന്‍ എടാട്ടുമ്മല്‍, സെക്രട്ടറി ഷാജി നടക്കാവ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍വാഹക സമിതിയംഗം സിദ്ധീഖ് ചക്കര, സൈനുദ്ദീന്‍ തുടങ്ങിയവരും തൃശൂരില്‍ എത്തിയിരുന്നു


.

Previous Post Next Post
Kasaragod Today
Kasaragod Today