ദന്ത ഡോക്ടറുടെ മരണം, കര്‍ണാടക പൊലീസ് ബദിയടുക്കയില്‍

 ബദിയടുക്ക: ബദിയടുക്കയിലെ ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ കുന്താപുരം റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക പൊലീസും അന്വേഷണമാരംഭിച്ചു. കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തിയ റെയില്‍പാളത്തില്‍ പരിശോധന നടത്തിയ ശേഷം കുന്താപുരത്തുനിന്നുള്ള പൊലീസ് സംഘം ചൊവ്വാഴ്ച ഉച്ചയോടെ ബദിയടുക്കയിലെത്തി. കുന്താപുരം ഇന്‍സ്പെക്ടര്‍ ഗോപീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് അക്ഷയ് മചീന്ദ്രയാണ് കൃഷ്ണമൂര്‍ത്തിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ കുന്താപുരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിനെ നിയോഗിച്ചത്. കുന്താപുരം താലൂക്കിലെ ഹട്ടിയങ്ങാടി വില്ലേജില്‍ പെട്ട കാടു അജ്ജിമാനിലെ റെയില്‍വേ ട്രാക്ക് ആദ്യം പരിശോധിച്ച ശേഷം ഇന്‍സ്പെക്ടര്‍ ഗോപീകൃഷ്ണയുടെ നേതൃത്വത്തില്‍ മൂന്ന് എസ്‌ഐമാര്‍ അടങ്ങുന്ന സംഘമാണ് ബദിയടുക്കയിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് എല്ലാ കോണുകളിലും അന്വേഷണം നടത്തുമെന്ന് ഉഡുപ്പി എസ്പി കുന്താപുരത്തെ ഡിവൈഎസ്പി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബദിയടുക്ക പൊലീസിന്റെ സഹകരണത്തോടെയാണ് കുന്താപുരം പൊലീസ് അന്വേഷണം നടത്തുന്നത്. കുന്താപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണമൂര്‍ത്തിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഉഡുപ്പി എസ്.പിക്ക് പരാതി നല്‍കിയിരുന്നു.

കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് ആത്മഹത്യാപ്രേണാകുറ്റം ചുമത്തി കേസെടുത്തിരുന്നു. അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ റിമാണ്ടിലാണ്.

കുന്താപുരം ഡിവൈഎസ്പി ശ്രീകാന്ത് കെ, സി.ഐ ഗോപീകൃഷ്ണ, അന്വേഷണ സംഘത്തിലെ പിഎസ്ഐമാരായ പവന്‍, ശ്രീധര്‍ നായക്, പ്രസാദ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് റെയില്‍വേ ട്രാക്കില്‍ പരിശോധന നടത്തിയത്


.

Previous Post Next Post
Kasaragod Today
Kasaragod Today