കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളിയില്‍ 2023 ജനുവരി 25ന് ആരംഭിക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഹ് യുദ്ദീന്‍ ജുമുഅത്ത് പള്ളി അങ്കണത്തില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയെ ഓര്‍ക്കാന്‍ രണ്ടു വര്‍ഷത്തിലൊരിക്കലുള്ള ഒത്തു കൂടലാണ് ഉറൂസ്. ജാതി മത ഭേദമന്യ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ത ജനങ്ങളുടെ പങ്കാളിത്തമാണ് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ പ്രത്യേകത. ജീവിതകാലത്ത് എല്ലാ മതസ്ഥര്‍ക്കും ആശ്രയ കേന്ദ്രമായി വര്‍ത്തിച്ച തങ്ങള്‍ ഉപ്പാപ്പയുടെ സ്മരണയ്ക്കായി കൊണ്ടാടുന്ന ഉറൂസിന്റെ ദിന രാത്രങ്ങള്‍ ബഹുസ്വരത എന്ന മഹത്തായ ആശയം അന്വര്‍ ത്ഥമാക്കും.
2023 ജനുവരി 25 മുതല്‍ 11 ദിവസം മതപ്രഭാഷണം ഉണ്ടായിരിക്കും. പ്രമുഖ വാഗ്മികളും പണ്ഡിതന്‍മാരും സൂഫിവര്യരും സംബന്ധിക്കും. ഫെബ്രുവരി അഞ്ചിന് രാവിലെ ഒരു ലക്ഷം പേര്‍ക്ക് നെയ്ച്ചോര്‍ പൊതികള്‍ വിതരണം ചെയ്യുന്നതോടെ ഉറൂസ് സമാപിക്കും. കാസര്‍കോട് ജില്ലയിലെ ജാതി സൗഹാര്‍ദ്ദവും മൈത്രിയും സംരക്ഷിക്കുന്നതിനുതകുന്ന സാംസ്‌കാരിക സദസുകള്‍ ഉറൂസിന്റെ ഭാഗമായി സംഘടിപ്പിക്കും.
പത്രസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എന്‍എ ഹമീദ്, ടിഎ മഹമൂദ് ഹാജി, സിഎം അഷ്റഫ്, പൂരണം മുഹമ്മദലി, അബ്ദു തൈവളപ്പ്, എന്‍എം സുബൈര്‍, കുഞ്ഞാമു കട്ടപ്പണി, എംഎ ഹനീഫ്, എന്‍എ ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു
.