കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് അക്രമം, രണ്ടുപേർ അറസ്റ്റിൽ

 പെര്‍ള: രണ്ട് യുവാക്കളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെര്‍ള മണിയമ്പാറ ബെദിരംപള്ളയിലെ ജയന്തനായകിന്റെ മകന്‍ സൂര്യോദയ(19)യുടെ പരാതിയില്‍ ഷേണി ഹൊസഗദ്ദയിലെ വസന്ത(31), ബാലസുബ്രഹ്മണ്യ(32), അവിനാഷ്(24) എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ഇവരില്‍ വസന്തയെയും സുബ്രഹ്മണ്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. അവിനാഷിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 341, 324, 308 വകുപ്പ് പ്രകാരമാണ് മൂന്നുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്. സൂര്യോദയക്കും ബന്തടുക്കയിലെ ഐത്തപ്പനായകിന്റെ മകന്‍ രൂപേഷിനുമാണ് അക്രമത്തില്‍ പരിക്കേറ്റിരുന്നത്. ഇവര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മുണ്ട്യത്തടുക്ക മലാങ്കരയില്‍ നടന്ന വിവാഹം കഴിഞ്ഞ് രാത്രി കാറില്‍ മടങ്ങുകയായിരുന്ന സംഘം മണിയമ്പാറയിലെത്തിയപ്പോള്‍ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് വടിവാള്‍ കൊണ്ടും മറ്റും സൂര്യോദയയെയും രൂപേഷിനെയും അക്രമിച്ചുവെന്നാണ് കേസ്. ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.


Previous Post Next Post
Kasaragod Today
Kasaragod Today