തളങ്കര: കര്‍ണാടകയിലെ ഹുബ്ലിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച തളങ്കര സ്വദേശികളായ ദമ്പതികളുടേയും പേരക്കുട്ടിയുടേയും മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
കാസര്‍കോട് എം.ജി റോഡില്‍ ജില്ലാ ലീഗ് ഓഫീസിന് സമീപത്തും സി.ടി.എം പെട്രോള്‍ പമ്പിന് എതിര്‍വശത്തും ദീര്‍ഘകാലം ഫര്‍ണിച്ചര്‍ വ്യാപാരം നടത്തിയിരുന്ന തളങ്കര നുസ്രത്ത് റോഡില്‍ ത്വാഹ മസ്ജിദിന് സമീപത്തെ കെ.എ മുഹമ്മദ് കുഞ്ഞി (65), ഭാര്യ ആയിഷ (62), മകന്‍ സിയാദിന്റെ മകന്‍ മുഹമ്മദ് (മൂന്നര) എന്നിവരുടെ മയ്യത്തുകളാണ് ബുധനാഴ്ച വൈകിട്ട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കിയത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മയ്യത്ത് കുളിപ്പിച്ച് ബുധനാഴ്ച രാവിലെ ആംബുലന്‍സില്‍ മയ്യത്തുകള്‍ നാട്ടിലെത്തിക്കുകയായിരുന്നു. വൈകിട്ട് 4.45ഓടെ മയ്യത്ത് നുസ്രത്ത് റോഡിലെ വീട്ടിലെത്തിച്ചപ്പോള്‍ കൂട്ട നിലവിളിയുയര്‍ന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ ഹാവേരി ഹനഗലില്‍ ഹുബ്ലി-ഹനഗല്‍ പാതയില്‍ മസക്കട്ടി ക്രോസിലാണ് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച വെളുത്ത അമെയ്‌സ് കാര്‍ എതിരെ വന്ന നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി ബസുമായി മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ സിയാദ് (35), സിയാദിന്റെ ഭാര്യ സജ്‌ന (32), ഇവരുടെ മകള്‍ ഇസ്സ എന്ന ആയിഷ (രണ്ട്) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ഹുബ്ലി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാ
ണ്.