കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് ഡി ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ബെദിര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് അടിച്ചു. ജാസ്മിന്‍ ക്രിക്കറ്റ് ക്ലബിന് വേണ്ടി മുസമ്മില്‍ 72 റണ്‍സ് നേടി. ബെദിരക്ക് വേണ്ടി ഹസീബ് നാലു വിക്കറ്റും ജവാദ് രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബെദിര 95 റണ്‍സിന് എല്ലാവരും പുറത്തായി. ബെദിരക്ക് വേണ്ടി ജവാദ് 30 റണ്‍സും ശിഹാബ് 24 റണ്‍സും നേടി. ജാസ്മിന് വേണ്ടി അന്‍സാരി മൂന്ന് വിക്കറ്റും ജസീല്‍ രണ്ട് വിക്കറ്റും നേടി.
ടൂര്‍ണമെന്റിലെ മികച്ച താരവും മികച്ച ബൗളറുമായി ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ അഫ്‌സലും മികച്ച ബാറ്റ്‌സ്മാനായി ബെദിര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇബ്രാഹിമും മാന്‍ ഓഫ് ദ മാച്ചായി ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ മുസമ്മിലും തിരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള ട്രോഫി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് വിനോദ് കുമാര്‍ വിതരണം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍എ അബ്ദുല്‍ ഖാദര്‍, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടിഎം ഇക്ബാല്‍, ജില്ലാ അസോസിയേഷന്‍ സെക്രട്ടറി ടിഎച്ച് മുഹമ്മദ് നൗഫല്‍, അസോസിയേഷന്‍ ട്രഷറര്‍ കെടി നിയാസ്, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജാനിഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഖലീല്‍ പരവനടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.