കാഞ്ഞങ്ങാട്: ചാലിങ്കാലില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗളൂരുവില്‍ പിടിയിലായതായി സൂചന. ചാലിങ്കാല്‍ സുശീലാഗോപാലന്‍ നഗറിലെ നീലകണ്ഠനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗണേശനെയാണ് കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് അമ്പലത്തറ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടു. നീലകണഠന്റെ സഹോദരീഭര്‍ത്താവാണ് കര്‍ണാടക സ്വദേശിയായ ഗണേശന്‍.
ആഗസ്ത് ഒന്നിന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന നീലകണ്ഠനെ ഗണേശന്‍ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. നീലകണ്ഠന്റെ മരുമകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗണേശന്റെ കീഴില്‍ പണിയെടുത്തിരുന്നു. ഇവര്‍ക്ക് കൂലി നല്‍കാത്തതിനെ നീലകണ്ഠന്‍ ചോദ്യം ചെയ്തു. ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. ഒളിവില്‍ പോയ ഗണേശനെ പിടികൂടാന്‍ പൊലീസ് തമിഴ്നാട്ടിലും ബംഗളൂരുവിലും അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.പ്രതിയെ അന്വേഷിച്ച് പൊലീസ് നിരവധി തവണ കര്‍ണാടകയിലേക്കും മറ്റും പോയിരുന്നു. ഗണേശനെ പിടികൂടാനുള്ള ശ്രമം വിഫലമായതോടെ നിരാശയിലായിരുന്നു പൊലീസ് മടങ്ങിയിരുന്നത്. പ്രതിയെ കണ്ടെത്താന്‍ അമ്പലത്തറ പൊലീസ് കര്‍ണാടക പൊലീസിന്റെ സഹായം തേടിയിരുന്നു. ഗണേശനെതിരെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു
.