സ്‌കൂൾ കലോത്സവ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയത് സംഘപരിവാർ പ്രവർത്തകനെന്ന്,മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി അവതരിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം


 കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയ സതീഷ് ബാബു ആർ.എസ്.എസ് അനുഭാവിയെന്ന് ആരോപണം. ദൃശ്യാവിഷ്‌കാരത്തിൽ മുസ്‌ലിം വേഷധാരിയായ തീവ്രവാദിയായി അവതരിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയതിന് ആശാ ശരത് ഉപഹാരം നൽകുന്നതിന്റെ ഫോട്ടോ സതീഷ് ബാബു ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്സേവാഭാരതിയുടെ കവർ ഫോട്ടോയാണ് സതീഷ് ബാബുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലുള്ളത്. സംസ്ഥാന സർക്കാറിനെയും സി.പി.എമ്മിനെയും വിമർശിക്കുന്ന നിരവധി പോസ്റ്റുകളും ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുണ്ട്മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, എഴുത്തുകാരി ഫർസാന അലി തുടങ്ങി നിരവധിപേർ ദൃശ്യാവിഷ്‌കാരത്തിലെ മുസ്‌ലിം വിരുദ്ധതക്കെതിരെ രംഗത്ത് വന്നിരുന്നു. കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ 'മഴു ഓങ്ങി നിൽപ്പുണ്ട് അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്' എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിന് പിന്നാലെയാണ് അതേ കോഴിക്കോട് തന്നെ ഇത്തരമൊരു സംഭവമുണ്ടാകുന്നത്. മുഖ്യമന്ത്രി പറഞ്ഞത് കൃത്യമാണ് നിങ്ങൾ അങ്ങോട്ട് പോട്ടാ, അവരെ ഇങ്ങോട്ട് കൊണ്ടുവരുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി ഘോര ഘോരം നമ്മെ ഓർമ്മപ്പെടുത്തി 'മഴു ഓങ്ങി നിൽപ്പുണ്ട് അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്' കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും നിർത്താതെ കയ്യടിച്ചു. രണ്ടു ദിവസം കഴിഞ്ഞില്ല, അതെ, കോഴിക്കോട്; സംസ്ഥാന സ്കൂൾ യുവജനോത്സവമാണ് വേദി, മുഖ്യമന്ത്രിയുടെയും, വിദ്യഭ്യാസമന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യം. സ്വാഗത ഗാനത്തോടൊപ്പമുള്ള ചിത്രീകരണത്തിൽ തലയിൽകെട്ട് ധരിച്ച ഒരാൾ വരുന്നു. തീർത്തും മുസ്ലിം വേഷധാരിയായ അയാളെ ഭീകരവാദിയെന്നു തോന്നിപ്പിക്കും വിധമാണ് ചിത്രീകരണം. ഒടുവിൽ പട്ടാളക്കാർ വന്നു അയാളെ കീഴ്പ്പെടുത്തുന്നതാണ് രംഗം. ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന ഈ ചിത്രീകരണം നടക്കുമ്പോൾ സംഘാടകരോട് തിരിഞ്ഞു നിന്നു ചോദിക്കാൻ ആരുമുണ്ടായില്ല. ഓങ്ങി നിൽക്കുന്ന മഴുവിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടിക്കൊടുക്കണ്ട! മുഖ്യമന്ത്രി പറഞ്ഞതെത്ര കൃത്യം. 'അതായത് കോയാ...നിങ്ങൾ അങ്ങോട്ട് പോണ്ടാ, ഓരെ ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരും, എന്താല്ലേതീവ്രവാദികൾ എന്നാൽ മുസ്‌ലിംകൾ തന്നെ എന്നത് വളരെ നിഷ്‌കളങ്കമായ ഒരു പൊതുബോധമാണ്. മുസ്‌ലിം എന്നാൽ തീവ്രവാദി എന്നതും. എന്നിരിക്കെ, കേരളത്തിൽ ഒട്ടുമിക്ക കുട്ടികളും കാണുമെന്നുറപ്പുള്ള ഇടത്ത് ഒരു കലാരൂപം പ്രദർശിപ്പിക്കുമ്പോൾ അത് തയാറാക്കുന്നവർ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്ന് എഴുത്തുകാരി ഫർസാന അലി പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


ഒരു ഹിന്ദുസുഹൃത്തുമായി സംസാരിക്കുകയായിരുന്നു. ആളുടെ ഒരു ബന്ധു ഫാമിലി ടൂർ നടത്തി, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ. എട്ടുവയസ്സുള്ള മകൻ ഉണ്ട് കൂടെ. തിരിച്ചുവന്ന്, കണ്ട സ്ഥലങ്ങളുടെ പ്രത്യേകതകൾ വിവരിക്കുമ്പോൾ ആ കുട്ടി എടുത്ത് പറഞ്ഞത് എന്താണെന്നോ?അവിടെ മുസ്ലിംകൾ ഇല്ല. ഇനിയെങ്ങാനും വന്നാലോ, അവിടുള്ള ആൾക്കാർ നല്ല അടികൊടുക്കുമെന്ന്. സ്ഥലങ്ങളുടെ സവിശേഷതകൾ ആയി ആ കുട്ടി എടുത്തു പറയുന്നതാണ് ഇത്! വെറും പറച്ചിലല്ലത്രേ, മുസ്‌ലിംകളെ അടിക്കുക എന്നതിലുള്ള സകല ആനന്ദവും ഉള്ളൊരു പറച്ചിൽ. ഇതാണ് കാലം, ഒട്ടും ശരിയല്ലാത്തൊരു കാലം!


ഇന്ന് സംസ്ഥാന യുവജനോത്സവം കോഴിക്കോട് ആരംഭിച്ചു. ഉത്ഘാടനച്ചടങ്ങിലെ പാട്ടും അതിനോടൊപ്പമുള്ള ചില രംഗങ്ങളും കാണുകയുണ്ടായി. സംഗീതശില്പമാണ്. സാഹോദര്യം, മതമൈത്രി ഇതൊക്കെയാണ് ലക്‌ഷ്യം എന്നത് വ്യക്തമാണ് ആലാപനത്തിൽ. രംഗങ്ങളിൽ പക്ഷെ ഇന്ത്യൻ ആർമി പിടികൂടുന്നത് മുസ്ലിം വേഷധാരിയായ ഒരു ഭീകരനെയാണ്.


തീവ്രവാദികൾ എന്നാൽ മുസ്ലിംകൾ തന്നെ എന്നത് വളരെ നിഷ്കളങ്കമായ ഒരു പൊതുബോധമാണ്. മുസ്ലിം എന്നാൽ തീവ്രവാദി എന്നതും. എന്നിരിക്കെ, കേരളത്തിൽ ഒട്ടുമിക്ക കുട്ടികളും കാണുമെന്നുറപ്പുള്ള ഇടത്ത് ഒരു കലാരൂപം പ്രദർശിപ്പിക്കുമ്പോൾ അത് തയാറാക്കുന്നവർ അല്പം ജാഗ്രത കാണിക്കണ്ടേ? മതസൗഹാർദ്ദവും മൈത്രിയും ദേശസ്നേഹവും കാണിക്കാൻ ഇത്തരമൊരു പ്ലോട്ടല്ലാതെ മറ്റൊന്നും കിട്ടില്ലേ? ഒരു വിഭാഗത്തെയും അക്രമകാരികളായി ചിത്രീകരിക്കാതെയല്ലേ ഇത്തരം ദൃശ്യങ്ങൾ/ചിന്തകൾ കുട്ടികളിലേക്ക് എത്തിക്കേണ്ടത്?ഇത് കണ്ട് മിക്ക കുട്ടികളും കൈയടിക്കുമ്പോൾ തല കുനിച്ചിരിക്കേണ്ടിവരുന്ന മുസ്ലിം കുട്ടികൾ ഉണ്ടാവില്ലേ? മതത്തിന്റെ പേരിൽ എങ്ങുനിന്നെന്നില്ലാതെ കുട്ടികളിൽ പരസ്പരവിദ്വേഷം വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന് പുറമെ ഇനി സർക്കാർ സംഘടിപ്പിക്കുന്ന ഒരു പ്രോഗ്രാമിലൂടെ വിദ്വേഷത്തിന്റെ അളവ് കൂട്ടിക്കൊടുക്കേണ്ടതില്ലെന്ന് തോന്നുന്നു.


വിവാദ സ്വാഗതഗാന ദൃശ്യാവിഷ്‌കാരം; കേരളത്തിന്റെ മതേതര സാമൂഹികതയോടുള്ള വെല്ലുവിളിയെന്ന് എസ്.വൈ എസ്


കോഴിക്കോട് | സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം കേരളത്തിന്റെ മതേതര സാമൂഹികതയോടുള്ള വെല്ലുവിളിയാണെന്ന് എസ് വൈ എസ്. സ്വാഗതഗാനത്തിലെ വരികളോട് ഒരുനിലക്കും നീതി പുലര്‍ത്തുന്നതായിരുന്നില്ല ദൃശ്യാവിഷ്‌കാരം. മത്സരാര്‍ഥികളുടെയും കാണികളുടെയും മനസ്സില്‍ നന്‍മയുണര്‍ത്തുന്നതിനു പകരം സങ്കുചിതമായ രാഷ്ട്രീയം കടത്തിക്കൊണ്ടുവരാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന് എസ് എസ് എഫ് പ്രതികരിച്ചു.


ആ ദൃശ്യാവിഷ്‌കാരം പൊതുമനസില്‍ മുസ്ലിം ഭീതി ജനിപ്പിക്കുന്നു എന്ന ആക്ഷേപത്തില്‍ സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെടണം. ബഹുസ്വരതയുടെ ആഘോഷമായി മാറേണ്ട വേദികളില്‍ പോലും മുസ്ലിം സമുദായത്തെ സംശയമുനയില്‍ നിര്‍ത്താനുള്ള ശ്രമം അപകടകരമാണ്. വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്വമുണ്ട്. തീവ്രവാദിയുടെ വേഷം മുസ്ലിമിന്റേതാകണമെന്ന സംഘ്പരിവാര്‍ അജണ്ട നടത്തിയെടുക്കാന്‍ കലോത്സവവേദിയെ ദുരുപയോഗിച്ചവര്‍ക്കും അതിനു സഹായകമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകണം.ഇടതുപക്ഷത്തിന്റെ ജനപ്രതിനിധി ഉള്‍പ്പടെ ഉള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടിയതിനു ശേഷമാണ് ഉദ്ഘാടന വേദിയില്‍ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചത്. രാഷ്ട്രീയമായി ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും കേരളത്തിന്റെ മതേതര ജാഗ്രതക്കും കളങ്കം വരുത്തിവെക്കുന്ന ഗുരുതര വീഴ്ചയാണ് റിഹേഴ്‌സല്‍ കണ്ടവരുടെ ഭാഗത്ത് സംഭവിച്ചിരിക്കുന്നത്. ഇക്കാര്യവും സര്‍ക്കാര്‍ പരിശോധിക്കണം

Previous Post Next Post
Kasaragod Today
Kasaragod Today