കാസർകോട്: കാസർകോട് ഗവ. കോളജിൽ വിദ്യാർഥികളെ പ്രിൻസിപ്പാൾ പൂട്ടിയിട്ടുവെന്ന് പരാതി. ചേംബറിലെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പാൾ അസഭ്യം പറഞ്ഞുവെന്നും ആരോപണമുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.കുടിവെള്ള പ്രശ്‌നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പൂട്ടിയിട്ടുവെന്നാണ് പരാതി. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. കാമ്പസിൽ മലിനജലം വിതരണം ചെയ്തെന്ന് കാട്ടി വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയിരുന്നു.ഇത് ശ്രദ്ധയിൽപ്പെടുത്താൻ പ്രിൻസിപ്പാൾ എം രമയുടെ അടുത്ത് പോയെങ്കിലും അവർ അപമര്യാദയായി പെരുമാറിയെന്നാണ് വിദ്യാർഥികൾ പറയുന്നത്. സംസാരിക്കുന്നതിനിടെ പ്രിൻസിപ്പാൾ തങ്ങളെ പൂട്ടിയിട്ടുവെന്നും വിദ്യാർഥികൾ പറഞ്ഞു. സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ച പ്രിൻസിപ്പാൾ വിദ്യാർഥികൾക്ക് ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്നും നിന്ന് സംസാരിക്കണമെന്നും നിർദേശം നൽകി.ഇത് ദൃശ്യങ്ങളിലും ഉണ്ട്. പ്രിൻസിപ്പാളിനെതിരെ നടപടി ആവശ്യപ്പെട്ട് കാമ്പസിൽ വിദ്യാർഥികൾ സമരം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കോളജ് വിദ്യാർഥികളെകൊണ്ട് കാലുപിടിപ്പിച്ച ഇതേ പ്രിൻസിപ്പാളിന്‍റെ നടപടി വിവാദമായിരുന്നു. 2021 ഒക്ടോബർ പതിനെട്ടിനായിരുന്നു സംഭവം.വിദ്യാർഥിക്കെതിരെ നിരവധി പരാതി ഉണ്ടെന്നും കാലുപിടിച്ച് മാപ്പ് പറഞ്ഞാൽ ക്ഷമിക്കുമെന്നും അല്ലെങ്കിൽ കോളജിൽ നിന്നും പുറത്താക്കുമെന്നും പറഞ്ഞുവെന്നാണ് അന്ന് പരാതി ഉയർന്നത്. ഇത് എംഎസ്എഫ് ഏറ്റെടുക്കുകയും ചെയ്‌തു. പിന്നാലെ ഇതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
വിദ്യാർഥികളെ പൂട്ടിയിട്ടുവെന്ന്; കാസർകോട് ഗവ. കോളജ് പ്രിൻസിപ്പാളിനെതിരെ വീണ്ടും പരാതി
mynews
0