പൈവളിഗെ കയര്‍ക്കട്ടെ സ്‌കൂളില്‍ വീണ്ടും റാഗിങ്ങ്, വിദ്യാർത്ഥി ക്ക് ക്രൂരമർദനമേറ്റു

പൈവളിഗെ: പൈവളിഗെ കയര്‍ക്കട്ടെ സ്‌കൂളില്‍ വീണ്ടും റാഗിങ്ങ്. പ്ലസ് ടു വിദ്യാര്‍ത്ഥിയെ 15ലേറെ വരുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി റാഗ് ചെയ്തതായി പരാതി. കല്ല് കൊണ്ട് തലക്കും നെറ്റിക്കും ഇടിക്കുകയും വെളുത്തുള്ളിയുടെ സ്‌പ്രേ കണ്ണുകളിലേക്ക് അടിക്കുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ജി.എച്ച്.എസ്.എസ് കയര്‍ക്കട്ടയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും ബായാര്‍ പെരുവടിയിലെ മുഹമ്മദ് ബഷീറിന്റെ മകനുമായ മുഹമ്മദ് റനിം അദ്‌നാന്‍(17) ആണ് റാഗിങ്ങിനിരയാത്. ഇന്നലെ ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ വഴിയില്‍ വെച്ച് പ്ലസ് ടുവിലെ തന്നെ മറ്റൊരു ബാച്ചില്‍പ്പെട്ട ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആദ്യം കൈ കൊണ്ട് അടിക്കുകയും അദ്‌നാന്‍ ഇത് നേരിടുന്നതിനിടെ ഒരു വിദ്യാര്‍ത്ഥി റോഡിലുണ്ടായിരുന്ന കല്ല് എടുത്ത് കണ്ണിന്റെ ഭാഗത്തേക്ക് ഇടിക്കുകയും മാറുന്നതിനിടെ നെറ്റിയില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. ആളുകള്‍ കൂടുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കളെത്തി അദ്‌നാനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും പിന്നീട് സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ക്വാര്‍ട്ടേസില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തില്‍പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങ് ചെയ്തിരുന്നു. അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥി ഒരാഴ്ച ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ആസ്പത്രിയില്‍ ചെലവായ 30,000 രൂപ നല്‍കിയാണ് പ്രശ്‌നം അന്ന് തീര്‍ത്തത്.
Previous Post Next Post
Kasaragod Today
Kasaragod Today