സ്ത്രീകളുടെ സ്വര്‍ണമാല തട്ടിപ്പറിക്കുന്ന സംഘത്തിലെ മൂന്ന് യുവതികളെ അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ യാത്രയ്ക്കിടെ സ്ത്രീകളുടെ സ്വര്‍ണ്ണമാല തട്ടിപ്പറിക്കുന്ന സംഘത്തിലെ മൂന്ന് യുവതികളെ കാഞ്ഞങ്ങാട്ടെ രണ്ടു കേസുകളില്‍ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനികളായ നിഷാ (28), പാര്‍വതി (25), കല്യാണി (38) എന്നിവരാണ് കാഞ്ഞങ്ങാട്ടെ കേസിലും പ്രതികളാണെന്ന് തെളിഞ്ഞത്. മറ്റു കേസുകളില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുകയായിരുന്ന ഇവരെ ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ വിവരം പുറത്തുവന്നത്. കിഴക്കുംകരയിലെ സി.കെ. രോഹിണിയുടെ മൂന്ന് പവന്‍ സ്വര്‍ണ്ണമാലയും ഗാര്‍ഡന്‍ വളപ്പിലെ രോഹിണിയുടെ നാലേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണ മാലയുമാണ് ഇവര്‍ കവര്‍ന്നത്. ഡിസംബര്‍ ഒന്നിനാണ് കിഴക്കുംകരയിലെ രോഹിണിയുടെ മാല കവര്‍ന്നത്. കിഴക്കുംകരില്‍ നിന്നും കാഞ്ഞങ്ങാടേക്ക് ഓട്ടോയില്‍ പോകുമ്പോഴായിരുന്നു സംഭവം. ഗാര്‍ഡന്‍ വളപ്പിലെ രോഹിണിയുടെ മാല നഷ്ടപ്പെട്ടത് ജനുവരി നാലിനാണ്. നഗരത്തില്‍ നിന്നും പുതിയ കോട്ടയിലേക്ക് ബസില്‍ പോകുമ്പോഴായിരുന്നു സംഭവം. തലശ്ശേരിയിലും കരിവെള്ളൂരിലും മാല മോഷണ കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുകയായിരുന്നു ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കേസിനും തുമ്പുണ്ടാക്കാനായത്. കണ്ണൂര്‍ ജയിലിലായിരുന്ന ഇവരെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വീണ്ടും ജയിലില്‍ എത്തിച്ചു. തിരക്കുള്ള ബസുകളിലും മടക്ക ട്രിപ്പ് പോകുന്ന ഓട്ടോകളിലും കയറിയാണ് ഇവര്‍ മാല പൊട്ടിച്ചെടുക്കുന്നത്.
Previous Post Next Post
Kasaragod Today
Kasaragod Today