പ്ലസ് ടു വിദ്യാർത്ഥിയെ സുഹൃത്ത് ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു

ബദിയടുക്ക: പ്ലസ്ടു വിദ്യാര്‍ത്ഥിയെ സുഹൃത്തായ വിദ്യാര്‍ത്ഥി ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. എടനീര്‍ സ്വാമിജി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും കാസര്‍കോട് ബട്ടംപാറ സ്വദേശി തുക്കാറാമിന്റെ മകനുമായ കരണ്‍(17) ആണ് അക്രമത്തിനിരയായത്. കരണിന്റെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്ത ബദിയടുക്ക പൊലീസ് എടനീര്‍ സ്വാമിജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ പഠിക്കുന്ന ബദിയടുക്ക ഒടമ്പള മവ്വാറിലെ മുരളീകൃഷ്ണ(20)യെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. മുരളീകൃഷ്ണ കരണിന്റെ ബട്ടംപാറയിലെ വീട്ടിലേക്ക് പോകുകയും കാഞ്ഞങ്ങാട്ട് നിന്ന് പുതിയ ബൈക്ക് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് ഒപ്പം കൂട്ടുകയും ചെയ്തു. മുരളീകൃഷ്ണ കരണിനെ പഴയ ബൈക്കില്‍ കയറ്റി മവ്വാറിലേക്ക് പോയി. അവിടെ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകാമെന്നാണ് കരണിനെ അറിയിച്ചത്. മവ്വാറില്‍ എത്തിയപ്പോള്‍ മുരളീകൃഷ്ണ കരണിനോട് 5000 രൂപ ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ വേണമെന്നായിരുന്നു ആവശ്യം. ഇതിനും വിസമ്മതിച്ചപ്പോള്‍ പ്രകോപിതനായ മുരളീകൃഷ്ണ കരണിനെ ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. കരണ്‍ ബഹളം വെച്ചതോടെ മുരളീകൃഷ്ണ രക്ഷപ്പെട്ടു. കരണ്‍ സമീപത്തെ സ്‌കൂളിലേക്ക് ആത്മരക്ഷാര്‍ഥം ഓടിക്കയറുകയായിരുന്നു. അധ്യാപകര്‍ ഉടന്‍ തന്നെ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. കരണിനെ മുളിയാറിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ നുള്ളിപ്പാടിയിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥിയുടെ തലക്ക് 22 തുന്നിക്കെട്ടലുകള്‍ വേണ്ടിവന്നു. കൈക്കും പരിക്കേറ്റിട്ടുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today