എസ്.ടി.യു പ്രവര്‍ത്തകനെ ബൈക്കിൽ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

കാസര്‍കോട്: ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന എസ്.ടി.യു പ്രവര്‍ത്തകനെ കാറില്‍ പിന്തുടര്‍ന്നെത്തിയ രണ്ട് പേര്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. എസ്.ടി.യു പ്രവര്‍ത്തകനും നഗരത്തിലെ ചുമട്ട് തൊഴിലാളിയുമായ പാറക്കട്ടയിലെ സിദ്ദീഖി (26)നാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 12.30 ഓടെ കാസര്‍കോട് എം.ജി. റോഡില്‍ വെച്ചാണ് സംഭവം. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ലോഡ് ഇറക്കാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖിന് നേരെ അക്രമം ഉണ്ടായത്. പാറക്കട്ടയില്‍ നിന്ന് നഗരത്തിലേക്ക് വരുന്നതിനിടെ കറന്തക്കാട് ഭാഗത്ത് കാര്‍ ഡിവൈഡറിലിടിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് സിദ്ദീഖ് അടുത്തെത്തി. അതിനിടെ എന്തിനാണ് നോക്കുന്നതെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവര്‍ സിദ്ദീഖുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവത്രെ. പിന്നീട് നഗരത്തിലേക്ക് പോകുന്നതിനിടെയാണ് കാര്‍ പിന്തുടര്‍ന്ന് എത്തിയവര്‍ സിദ്ദീഖിന്റെ ബുള്ളറ്റ് ബൈക്കിലിടിച്ചത്. സംഘത്തിലെ രണ്ട് പേരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെയും അക്രമകേസുകളില്‍ പ്രതികളായവരാണ് കസ്റ്റഡിയിലുള്ളതെന്ന് സൂചന. അതേസമയം ഇതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ മതസ്പര്‍ദ്ദയുണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നവരെ പൊലീസ് നിരീക്ഷിച്ച് വരികയാണ്.
Previous Post Next Post
Kasaragod Today
Kasaragod Today