ദുബൈ: പെരുന്നാള്‍ അവധിദിനങ്ങള്‍ മലയാളികള്‍ക്ക് കണ്ണീര്‍ ദിനങ്ങളായി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിലായി മൂന്നു മലയാളികളാണ് മരിച്ചത്.
മറ്റ് അപകടങ്ങളിലായി നിരവധി പേര്‍ക്ക് പരിക്കേറ്റു. അവധി ആഘോഷിക്കാന്‍ പോയവരാണ് മരിച്ചതില്‍ ഏറെയും.
ഖോര്‍ഫക്കാനില്‍ ബോട്ടപകടം; കാസര്‍കോട് സ്വദേശി മരിച്ചു
പെരുന്നാള്‍ ദിനത്തില്‍ ഷാര്‍ജ ഖോര്‍ഫക്കാനിലുണ്ടായ ബോട്ടപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് (38) മരിച്ചത്. ബോട്ടില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ കുടുംബത്തിലെ ആറുവയസ്സുകാരി ഗുരുതരാവസ്ഥയിലാണ്. ശനിയാഴ്ച ഉല്ലാസയാത്ര നടത്തിയവര്‍ കയറിയ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 18 പേര്‍ ബോട്ടിലുണ്ടായിരുന്നു. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്. അഭിലാഷ് ജോലിചെയ്ത ഷാര്‍ജയിലെ സ്ഥാപനത്തില്‍നിന്നും എട്ടുപേരാണ് ബോട്ട് യാത്ര നടത്തിയത്. കരയില്‍നിന്നും ഒന്നര കിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ ബോട്ട് മറിയുകയായിരുന്നുവെന്ന് ദുരന്തത്തില്‍നിന്നും രക്ഷപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷൗക്കത്ത് പറഞ്ഞു. അഭിലാഷ് ജോലിചെയ്ത സ്ഥാപനത്തിലെ ഡ്രൈവര്‍ ആണ് ഷൗക്കത്ത്. മറിഞ്ഞ ബോട്ടിന്‍റെ അടിയില്‍പെട്ടതാണ് അഭിലാഷ് മരിക്കാന്‍ കാരണമായത്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ അപകടത്തില്‍ മറ്റു ചിലരും മരിച്ചതായി സൂചനയുണ്ട്. എട്ടുവര്‍ഷമായി ഷാര്‍ജയില്‍ പ്രവാസിയായ അഭിലാഷ് വീട് എന്ന സ്വപ്നം പൂര്‍ത്തിയാക്കിയത് അടുത്തിടെയാണ്. നിര്‍ധന കുടുംബത്തിലെ അംഗമായ അഭിലാഷ് പുതിയ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിന് പോകാനിരിക്കെയാണ് അപകടം. ചോക്ലറ്റ് വ്യാപാര സ്ഥാപനത്തിലെ ഹെല്‍പ്പറായിരുന്നു. കര്‍ഷകത്തൊഴിലാളികളായ മീത്തലെവീട് വിജയന്‍റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: അശ്വതി. മകള്‍: അഭയ. സഹോദരന്‍: അജീഷ് (ബഹ്‌റൈന്‍). മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ശ്രമം നടക്കുന്നു.
ജസീമിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഉമ്മുല്‍ഖുവൈന്‍: പെരുന്നാള്‍ ദിവസം റോഡരികില്‍ ഉമ്മായോട് ഫോണില്‍ സംസാരിച്ചു നില്‍ക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ച് മരിച്ച മലപ്പുറം സ്വദേശി ജസീമിന്‍റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നു. റിട്ട. ഡിവൈ.എസ്.പി ടി.ടി. അബ്ദുല്‍ ജബ്ബാറിന്‍റെയും റംലയുടെയും മകന്‍ വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി ടി.ടിപ്പടി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബൈയില്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയതാണ്. തിരികെ വരുമ്ബോള്‍ റോഡരികില്‍ മാതാവുമായി ഫോണില്‍ സംസാരിച്ചുനില്‍ക്കവെ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അബൂദബി എലംകോ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന ജസീം ദുബൈ റാഷിദിയയിലാണ് താമസം. ഭാര്യ: സീനത്ത്. മക്കള്‍: യമിന്‍ മരക്കാര്‍, ഫില്‍ഷ.
അബൂദബി അപകടം; പാലക്കാട് സ്വദേശിയുടെമൃതദേഹം നാട്ടിലെത്തിച്ചു
അബൂദബി: അബൂദബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പാലക്കാട് തൃത്താല പരുദൂര്‍ പഞ്ചായത്തിലെ കരുവാന്‍പടി ചൊഴിയാംപറമ്ബത്ത് സുബീഷ് (36) ആണ് മരിച്ചത്. 21ന് വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. വാഹനത്തില്‍ സുബീഷിനൊപ്പം മൂന്നുപേര്‍ ഉണ്ടായിരുന്നു. എറണാകുളം പിറവം വെട്ടുകല്ലുങ്കല്‍ റോബിന്‍ (43) ഗുരുതര പരിക്കുകളോടെ അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് രണ്ടുപേരും ചികിത്സതേടിയിട്ടുണ്ട്. അബൂദബിയില്‍ കാര്‍പെന്‍ററായി ജോലി ചെയ്യുകയായിരുന്നു സുബീഷ്. ഒക്ടോബറില്‍ വിവാഹം നടക്കാനിരിക്കെയാണ് മരണം. പേരച്ചന്‍റെയും രാധാമണിയുടേയും മകനാണ്. സഹോദരങ്ങള്‍: സുരേഷ് ബാബു, സുനിത, സുജാത.