നാല് പോക്സോ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന സ്‌കൂള്‍ ജീവനക്കാരന് രണ്ട് കേസുകളില്‍ കൂടി കോടതി കഠിനതടവും പിഴയും വിധിച്ചു

കാസര്‍കോട്: നാല് പോക്സോ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന സ്‌കൂള്‍ ജീവനക്കാരന് രണ്ട് കേസുകളില്‍ കൂടി കോടതി കഠിനതടവും പിഴയും വിധിച്ചു. കുമ്പള ബംബ്രാണയിലെ കെ. ചന്ദ്രശേഖരയെ(57)ആണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി (പോക്സോ) ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. 2020ല്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്നാണ് ചന്ദ്രശേഖരയ്ക്കെതിരായ കേസ്. കാസര്‍കോട് പൊലീസാണ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി ചന്ദ്രശേഖരക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒരു കേസില്‍ 93 വര്‍ഷം കഠിനതടവും ഒരുമാസം തടവും 1.36 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ നാലുവര്‍ഷവും ഏഴുമാസവും കഠിനതടവും 10 ദിവസം സാധാരണ തടവും അനുഭവിക്കണം. അന്നത്തെ കാസര്‍കോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ എ.എ റഹീം ആണ് ഈ കേസില്‍ അന്വേഷണം നടത്തിയത്. ഇന്‍സ്പെക്ടര്‍ പി. രാജേഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടാമത്തെ കേസില്‍ 14 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. കാസര്‍കോട് ടൗണ്‍ എസ്.ഐ മെല്‍ബിന്‍ ജോസ് ആണ് കേസില്‍ അന്വേഷണം നടത്തിയത്. അന്നത്തെ എസ്.ഐ യു.പി വിപിന്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) എ.കെ പ്രിയ ഹാജരായി
Previous Post Next Post
Kasaragod Today
Kasaragod Today