നടന്നത് നാലായിരത്തോളം കിലോമീറ്ററുകള്‍, ജമ്മുവിൽ നിന്ന് കാല്‍നടയായി ശബരിമലയിലെത്തി ദർശനം നടത്തി കാസർകോട് സ്വദേശികൾ

നടന്നത് നാലായിരത്തോളം കിലോമീറ്ററുകള്‍, ജമ്മുവിൽ നിന്ന് കാല്‍നടയായി ശബരിമലയിലെത്തി ദർശനം നടത്തി കാസർകോട് സ്വദേശികൾ

കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ നിന്ന് കാല്‍നടയായി എത്തി ശബരിഗിരീശനെ വണങ്ങി കാസര്‍കോഡ് സ്വദേശികള്‍.കാസര്‍കോഡ് മാഥുര്‍ രാംദാസ് നഗര്‍ കൂട്‌ലു സ്വദേശികളായ നളിനാക്ഷന്‍ സ്വാമിയും പ്രഭാകര മണിയാനി സ്വാമിയുമാണ് നാലായിരത്തോളം കിലോമീറ്ററുകള്‍ കാല്‍ നടയായി സഞ്ചരിച്ച്‌ ശബരീശ ദര്‍ശനം നടത്തിയത്.

2022 നവംബര്‍ 30 നാണ് ഇരുവരും കാസര്‍കോഡ് നിന്ന് ട്രെയിന്‍ മാര്‍ഗം ജമ്മുവിലേക്ക് തിരിച്ചത്. ഡിസംബര്‍ നാലിന് ജമ്മുവിലെത്തിയ ഇരുവരും വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തി. അഞ്ചിന് രാവിലെ കെട്ടുനിറച്ച്‌ ഏഴു മണിയോടെ യാത്ര തിരിച്ചു. കൊടും തണുപ്പില്‍ സാധാരണ വേഷം ധരിച്ച്‌ നഗ്‌നപാദരായി പൊന്നമ്ബലവാസനെ ലക്ഷ്യമാക്കി ഇരുവരും നടന്നു നീങ്ങി. യാത്ര വെല്ലുവിളി ആയിരുന്നെങ്കിലുംഇച്ഛാശക്തിയും അയ്യപ്പ വിശ്വാസവും മുന്നോട്ടു നയിച്ചുവെന്ന് ഇരുവരും പറഞ്ഞു.

അയ്യപ്പന്മാരുടെ അസാധാരണ യാത്ര ശ്രദ്ധയില്‍ പതിഞ്ഞ വിശ്വാസികള്‍ സമൂഹ മാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കിട്ടതോടെ ക്ഷേത്രങ്ങളിലും വഴിയോരങ്ങളിലും ഭക്ഷണവും വിശ്രമവും ഒരുക്കി നല്കാന്‍ പലരും തയ്യാറായി. ലുധിയാനയിലെ അയ്യപ്പ ക്ഷേത്ര ഭരണ സമിതി ഇവരെ പരിചയപ്പെടുത്തിയുള്ള കത്തും തയ്യാറാക്കി നല്കിയാണ് സ്വാമിമാരെ യാത്രയാക്കിയത്.

ഇതിനിടയില്‍ സ്വാമിമാരുടെ യാത്ര ശ്രദ്ധയില്‍ പെട്ട് രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം നവായിയില്‍ താമസമുള്ള മലയാളിയായ സദാശിവന്‍ നായര്‍ അയ്യപ്പന്മാരെ സന്ദര്‍ശിച്ചു പരിചയപ്പെട്ടു. സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ അദ്ദേഹം ഉച്ചഭക്ഷണവും ലുധിയാന ക്ഷേത്ര സമിതിയുടെ ഇംഗ്ലീഷിലുള്ള കത്തിന്റെ ഹിന്ദി പരിഭാഷയും തയ്യാറാക്കി നല്കി അയ്യപ്പന്മാരെ യാത്രയാക്കിയത്.പത്തനംതിട്ട ചെറുകോല്‍ സ്വദേശിയാണ് ഇദ്ദേഹം. പിന്നീടങ്ങോട്ട് ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടു നിർദേശങ്ങൾ നൽകി , ഇരുവരും പമ്ബയിലെത്തിയപ്പോള്‍ സദാശിവന്‍ നായരും ഇവിടെ എത്തിയിരുന്നു. കശ്മീര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക ഉള്‍പ്പടെ എട്ടു സംസ്ഥാനങ്ങള്‍ താണ്ടിയാണ് ഇവര്‍ ശബരിമലയിലെത്തിയത്.

ഒരു ദിവസം 40 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമായിരുന്നു. പുലര്‍ച്ചെ നാലിന് തുടങ്ങുന്ന യാത്ര വൈകിട്ട് ആറിന് അവസാനിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങളിലും ഹോട്ടലുകളിലും സ്‌കൂളുകളിലും വിശ്രമിച്ച ഇവര്‍ക്ക് ചില സ്ഥലങ്ങളില്‍ കടത്തിണ്ണകളും ബസ് സ്റ്റാന്‍ഡുകളും അഭയ കേന്ദ്രമായി.ജാതി മത ഭേദമന്യെ ജനങ്ങള്‍ ഭക്ഷണവും വിശ്രമ കേന്ദ്രവുമൊരുക്കി നല്കി. മാര്‍ച്ച്‌ ഏഴിന് കാസര്‍കോഡ് കുത്ത്യാള ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയ ഇരുവരും ഇവിടെ വിരിവെച്ച്‌ മാര്‍ച്ച്‌ 25നാണ് വീണ്ടും യാത്ര പുറപ്പെട്ടത്.

101 ദിവസം കാല്‍നടയാത്ര ചെയ്ത് കഴിഞ്ഞ ദിവസം പമ്ബയിലെത്തിയ അയ്യപ്പഭക്തന്മാരെ പമ്ബാ ഗണപതി കോവില്‍ മേല്‍ ശാന്തി മാല ചാര്‍ത്തി സ്വീകരിച്ചു. മല കയറി, പതിനെട്ടാം പടി ചവിട്ടി, അയ്യപ്പ സ്വാമിയെ കണ്‍നിറയെ കണ്ട് നളിനാക്ഷന്‍ സ്വാമിയും പ്രഭാകര മണിയാനി സ്വാമിയും ആത്മ നിര്‍വൃതിയോടെയാണ് മലയിറങ്ങിയത്.ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തി ട്രെയിന്‍ മാര്‍ഗമായിരുന്നു മടക്കയാത്ര. െ്രെഡവറായി ജോലി ചെയ്യുന്ന നളിനാക്ഷന്‍ (50) ഇപ്പോള്‍ പത്ത് വര്‍ഷമായി സ്വന്തം ഓട്ടോറിക്ഷ ഓടിക്കുകയാണ്. പ്രഭാകര മണിയാനി (40) ചെങ്കല്ല് പണി ചെയ്യുന്ന മേസ്തിരിയാണ്. 23 വര്‍ഷം ശബരിമല ദര്‍ശനം നടത്തിയിട്ടുള്ള നളിനാക്ഷന്‍ സ്വാമി മൂന്ന് തവണ കാസര്‍കോട്ടുള്ള സ്വദേശത്തു നിന്നും കാല്‍നടയായെത്തിയാണ് ദര്‍ശനം നടത്തിയിട്ടുള്ളത്.
Previous Post Next Post
Kasaragod Today
Kasaragod Today