യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആദൂര്‍: ആസ്പത്രി ജീവനക്കാരിയായ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ചാമക്കൊച്ചിക്ക് സമീപം അണ്ണപ്പാടിയിലെ മുദ്ദനായക്-ലീല ദമ്പതികളുടെ മകള്‍ ദിവ്യ(26)യെയാണ് ഇന്നലെ ഉച്ചക്ക് 12.30 മണിയോടെ വീട്ടിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബന്തടുക്ക മെഡികെയര്‍ ഹോസ്പിറ്റലിലെ ലാബ് ടെക്നീഷ്യയായ ദിവ്യ ബുധനാഴ്ചത്തെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ 10.30 മണിക്ക് വീട്ടിലെത്തിയതായിരുന്നു. അമ്മയും മറ്റുകുടുംബാംഗങ്ങളും പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഉച്ചയ്ക്ക് അയല്‍വാസികള്‍ വന്ന് നോക്കിയപ്പോഴാണ് ദിവ്യയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതിനിടെ ദിവ്യയുടെ ആത്മഹത്യാക്കുറിപ്പ് കിടപ്പുമുറിയില്‍ നിന്ന് കണ്ടെടുത്തു. എനിക്ക് ജീവിതം മടുത്തു, ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നു-ഇതാണ് കുറിപ്പിലെ പരാമര്‍ശം. അതേ സമയം ദിവ്യയെ ഒരു യുവാവ് നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കളില്‍ ചിലര്‍ വെളിപ്പെടുത്തി. യുവാവിന്റെ ശല്യം സഹിക്കാതെ ദിവ്യ ആത്മഹത്യ ചെയ്തതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തി. അസ്വാഭാവികമരണത്തിന് കേസെടുത്ത ആദൂര്‍ പൊലീസ് യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today