കാസര്‍കോട്: ബന്ധുവീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി അക്രമിച്ച കേസില്‍ നിരവധി കേസുകളിലെ പ്രതിയെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു.
വിദ്യാനഗര്‍ ജെ.പി കോളനി സ്വദേശി കമ്പാര്‍ പെര്‍ണടുക്കത്ത് താമസക്കാരനുമായ അക്ഷയ് എന്ന മുന്ന (28)യാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് അറസ്റ്റ്.
മൊഗ്രാലിലെ മുഹമ്മദ് ബിലാലി(24)നെയാണ് മീപ്പുഗിരിയിലെ ബന്ധുവീട്ടില്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ അക്ഷയ് അക്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പരിക്കേറ്റ ബിലാല്‍ കാസര്‍കോട്ടെ ആസ്പത്രിയില്‍ ചികിത്സ തേടി. നരഹത്യാശ്രമത്തിനാണ് കേസ്. അക്ഷയ്‌ക്കെതിരെ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ചതടക്കം അഞ്ചോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു