കാസര്‍കോട്: കാസര്‍കോട് ബി.ഇ.എം ഹൈസ്‌കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. കര്‍ണാടക ഉഡുപ്പി ഹെജമാഡി എസ്.എസ് റോഡിലെ എച്ച്.കെ മന്‍സിലില്‍ സഹീദ് സിനാനി (32)നെയാണ് ഇന്ന് പുലര്‍ച്ചെ കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഈ മാസം 13നാണ് സ്‌കൂളില്‍ കവര്‍ച്ച നടന്നത്. ഓഫീസ് മുറിയിലെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരിയില്‍ സൂക്ഷിച്ച 35,000 രൂപ കവരുകയായിരുന്നു. സമീപത്തെ ടൗണ്‍ ജി.യു.പി സ്‌കൂളിലും മോഷണം നടന്നിരുന്നു. ഇവിടെ നിന്ന് ചെറിയ തുകയാണ് നഷ്ടപ്പെട്ടത്.
സ്‌കൂളിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയും ചില സുചനകളെ തുടര്‍ന്ന് കേസിലെ പ്രധാന പ്രതി കര്‍ണാടക ബെല്‍ത്തങ്ങാടിയിലെ കുഞ്ഞുമോന്‍ എന്ന ഹമീദിനെ (49) പിടികൂടുകയുമായിരുന്നു. ഹമീദ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. തുടര്‍ന്നാണ് സിനാന്‍ പിടിയിലായത്. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. സഹീദ് സിനാനും കര്‍ണാടകയില്‍ 25 ഓളം മോഷണ കേസുകളിലും കണ്ണൂരില്‍ ഒരു മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ വിഷ്ണു പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജെയിംസ്, രതീഷ്, ശിവന്‍, ഗുരുരാജ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. മറ്റൊരു പ്രതിയെ അന്വേഷിച്ചുവരികയാണ്