കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ ബൈക്കിലെത്തിയ യുവാവ് വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി മൊഗ്രാല്‍ പുത്തൂരിലെ പഴം, മുട്ട വ്യാപാരി രമേശിന്റെ കടയില്‍ നിന്നാണ് പണം തട്ടിയത്.വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. രമേശ് ഉച്ചഭക്ഷണം കഴിക്കാന്‍ പോയ നേരത്ത് അച്ഛനെ കടയില്‍ നിര്‍ത്തിയിരുന്നു. ഈ സമയത്ത് കടയിലെത്തിയ യുവാവ് കോവിഡ് സമയത്തെ നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ നല്‍കുന്നുണ്ടെന്നും ഈ സമയത്ത് 8000 രൂപ നല്‍കിയാല്‍ പണം ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്നും അറിയിച്ചുവത്രെ. ഇത് വിശ്വസിച്ച രമേശന്റെ പിതാവ് 8000 രൂപ ഇല്ലെന്നും 5000 മാത്രമെ ഉള്ളുവെന്നും പറഞ്ഞ് പണം നല്‍കുകയായിരുന്നു. പണവുമായി യുവാവ് ബൈക്കില്‍ കടന്നുകളഞ്ഞു.
പിന്നീടാണ് തട്ടിപ്പ് മനസിലായത്. പഴം മൊത്ത വ്യാപാരിക്ക് നല്‍കാന്‍ സൂക്ഷിച്ച പണമാണ് തട്ടിയെടുത്തത്.
ഇത് സംബന്ധിച്ച് രമേശ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരുന്നു.