മുള്ളേരിയ: പാമ്പുകടിയേറ്റ മധ്യവയസ്‌ക്കനെ ആസ്പത്രിയിലെത്തിക്കാന്‍ ഓടിച്ചു പോവുകയായിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചു. പാമ്പു കടിയേറ്റ ആള്‍ മരണപ്പെട്ടു. ബെള്ളൂര്‍ അദ്വാളയിലെ കൃഷ്ണന്‍ (50) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് വീടിന് സമീപത്ത് വെച്ചാണ് കൃഷ്ണന് പാമ്പു കടിയേറ്റത്. കൃഷ്ണനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കാന്‍ ബന്ധുവായ രമേശന്റെ ബൈക്കിലിരുത്തി ഓടിച്ചുപോവുകയായിരുന്നു. കോട്ടൂര്‍ നെക്രംപാറയിലെത്തിയപ്പോള്‍ ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചു. റോഡിലേക്ക് തെറിച്ച് വീണതിനെ തുടര്‍ന്ന് കൃഷ്ണനും രമേശനും ഗുരുതരമായി പരിക്കേറ്റു. കൃഷ്ണനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. രമേശന്‍ ഗുരുതര പരിക്കുകളോടെ മംഗളൂരു വെന്‍ലോക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. കൃഷ്ണന്‍ മരിച്ചത് അപകടത്തിലേറ്റ പരിക്കിനെ തുടര്‍ന്നാണോ പാമ്പുകടിയേറ്റതിന്റെ വിഷാംശത്തെ തുടര്‍ന്നാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സരോജിനി. ഏകമകന്‍ സൗരവ് കൃഷ്ണ. സഹോദരങ്ങള്‍: അച്യുതന്‍, കുമാരന്‍, സരോജിനി, കാര്‍ത്യായനി, യശോദ, ശ്രീധരന്‍
.