കാസര്‍കോട്: ബേവിഞ്ചയിലെ പൊതുമരാമത്തു കരാറുകാരൻ്റെ വീടിനുനേരെ വെടിയുതിര്‍ത്ത കേസിലെ പ്രതിയും അധോലോക നായകന്‍ രവി പൂജാരിയുടെ വലം കൈയുമായ ഷാര്‍പ്പ് ഷൂട്ടര്‍ അറസ്റ്റില്‍. പൈവളിഗെ സ്വദേശി മുഹമ്മദ് ഹനീഫ എന്ന അലി മുന്നയെയാണ് മംഗ്‌ളൂരു സൗത്ത് ഡിവിഷന്‍ എ.സി.പി.ധന്യാ നായരും സംഘവും അറസ്റ്റു ചെയ്‌തത്. നിരവധി കേസുകളില്‍ വാറന്റായതിനെ തുടര്‍ന്നാണ് അറസ്റ്റ്. അധോലോകനായകരായ രവി പൂജാരിയുടെയും കലിയോഗേഷിന്റെയും സംഘത്തിലെ അംഗമാണ് മുന്നയെന്ന് പൊലീസ് പറഞ്ഞു. മുന്നയ്‌ക്കെതിരെ കോണാജെ മംഗ്‌ളൂരു നോര്‍ത്ത്, പുത്തൂര്‍, ബര്‍ക്കെ, വിട്‌ള, ഉള്ളാള്‍, ബംഗ്‌ളൂരു എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കേസുണ്ട്.
2010, 2013ലും ആയി രണ്ട് തവണയാണ് ബേവിഞ്ചയിലെ പൊതു മരാമത്തു കരാറുകാരന്റെ വീട്ടിനു നേരെ വെടിവെയ്‌പ് ഉണ്ടായത്. ഈ കേസു കൂടാതെ മുന്നക്കെതിരെ മഞ്ചേശ്വരത്തും കുമ്പളയിലും കേസുള്ളതായി പൊലീസ് പറഞ്ഞു.മംഗ്‌ളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും പുത്തൂരിലും മുന്നയ്‌ക്കെതിരെ വെടിവെയ്‌പ് കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.