ബദിയടുക്ക: ചെര്‍ളടുക്കയില്‍ ഹോട്ടല്‍ അക്രമിച്ച ശേഷം മരക്കസേര കൊണ്ട് ഉടമയുടെ തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെടേക്കാലിലെ സൈറാസിനെ(32)യാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 25നാണ് കേസിനാസ്പദമായ സംഭവം. ചെര്‍ളടുക്കയിലെ റോയല്‍ ഫാമിലി റസ്റ്റോറന്റില്‍ അതിക്രമിച്ച് കയറിയ സൈറാസ് ഹോട്ടലിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഹോട്ടലുടമ ചെങ്കള മിലാദ് നഗറിലെ ഹനീഫാ മന്‍സിലില്‍ അന്‍സാറിന്റെ തലക്ക് മരക്കസേര കൊണ്ട് അടിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരായ ബൈജു, ബിജോയ്, സുബിന്‍, നാസിര്‍ എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. അന്‍സാറിന്റെ പരാതിയിലാണ് സൈറാസിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തത്. ഹോട്ടലിന്റെ ഗ്ലാസ് തകര്‍ത്തതില്‍ 50,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് സൈറാസ് പല സ്ഥലങ്ങളിലായി ഒളിവില്‍ താമസിച്ച് വരികയായിരുന്നു. വീട്ടല്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ബദിയടുക്ക എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെയെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.