കാണാതായ യുവാവിന്റെ മൃതദേഹം പുഴക്കടവിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തി

 കാസര്‍കോട്: കാണാതായ യുവാവിന്റെ മൃതദേഹം പുഴക്കടവിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തി. കളനാട് ചിറമ്മല്‍ സ്വദേശി പരേതനായ കണ്ടത്തില്‍ ശ്രീധരന്റെ വളര്‍ത്തുമകന്‍ രഞ്ജിത്തി(44)ന്റെ മൃതദേഹമാണ് ചിറമ്മല്‍ പാലത്തിന് സമീപം കണ്ടത്. കഴിഞ്ഞ 11 മുതല്‍ രഞ്ജിത്തിനെ കാണാതായിരുന്നു. ഇടയ്ക്ക് രജിത്ത് വീട്ടില്‍ നിന്നും പോയാല്‍ മൂന്ന്, നാല് ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമെ മടങ്ങിവരാറുള്ളൂ എന്നാണ് വീട്ടുകാര്‍ പറയുന്നത്. അതുകൊണ്ട് യുവാവിനെ കാണാതായത് വീട്ടുകാര്‍ അത്ര കാര്യമാക്കിയില്ലെന്നു പറയുന്നു. ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുന്നതിനിടയിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today