സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം

 കാസര്‍കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. ജി.യു.പി സ്‌കൂള്‍ മുണ്ടക്കൈയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഹൈദരിനാ(8)ണ് പരിക്ക്. മുതലപ്പാറയിലെ സാബിത്ത് ക്വാട്ടേഴ്സില്‍ താമസിക്കുന്ന സാക്കിബിന്റെ മകനാണ്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. സഹോദരനൊപ്പം സ്‌കൂളിലേക്ക് നടന്ന് പോവുന്നതിനിടെ റോഡിലേക്ക് ചാടിയ കാട്ടുപന്നി വിദ്യാര്‍ഥിയെ ആക്രമിക്കുകയായിരുന്നു. ചെവിക്കും മുഖത്തും കാലിനുമാണ് പരിക്കേറ്റത്. ഹൈദരിന്റെ നിലവിളിയെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ പന്നി കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയിരുന്നു. നാട്ടുകാര്‍ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളിയാര്‍ പഞ്ചായത്തിലെ വിവിധസ്ഥലങ്ങളില്‍ കാട്ടുപന്നി അക്രമണം വര്‍ദ്ധിച്ചുവരികയാണെന്നും, വനം വകുപ്പ് അടിയന്തിരമായും ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രദേശത്ത് കാട്ടുപോത്തിന്റെയും ആക്രമണ ഭീഷണിയുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today