ബേക്കല്‍: പനയാല്‍ കാട്ടിയടുക്കത്തെ ദേവകി(60) കൊല ചെയ്യപ്പെട്ടിട്ട് ഏഴുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന ദേവകിയെ 2017 ജനുവരി 13ന് പുലര്‍ച്ചെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്. കഴുത്തില്‍ പാവാട കൊണ്ട് മുറുക്കിയായിരുന്നു കൊലപാതകം. സംശയിക്കുന്ന ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഇവര്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എ ദാമോദരന്റെ നേതൃത്വത്തില്‍ ബേക്കല്‍ സി.ഐയായിരുന്ന വി.കെ വിശ്വംഭരനാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയിരുന്നത്. ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തില്‍ ചില സൂചനകള്‍ ലഭിച്ചെങ്കിലും പ്രതികളിലേക്കെത്താന്‍ ആവശ്യമായ തെളിവുകള്‍ ശേഖരിക്കാനായില്ല. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ തലമുടിയുടെ ഡി.എന്‍.എ പരിശോധന വരെ നടത്തിയെങ്കിലും കാര്യമായ തുമ്പ് ലഭിച്ചില്ല. ഇതോടെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് അന്വേഷണസംഘം വിപുലീകരിച്ചെങ്കിലും കേസില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. ഇതോടെ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഘാതകരെ കണ്ടെത്താനായില്ല. നേരത്തേ പൊലീസ് ചോദ്യം ചെയ്ത ചിലരില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തിയത്.
ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ച മട്ടിലാണുള്ളത്.
ദേവകി വധത്തിന് ശേഷമാണ് ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയും പെരിയ ആയമ്പാറയിലെ സുബൈദയും കൊല്ലപ്പെട്ട സംഭവമുണ്ടായത്. ഈ രണ്ട് കൊലക്കേസുകളിലും പ്രതികള്‍ അറസ്റ്റിലാവുകയും ഇവരെ കോടതി ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ പനയാല്‍ ദേവകി വധക്കേസ് തെളിയാക്കേസുകളുടെ പട്ടികയിലേക്ക് എത്തിപ്പെടുകയാണ
്.