ഒഡിഷയില്‍നിന്ന് 120 കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍

 മംഗളൂരു: ഒഡിഷയില്‍നിന്ന് 120 കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. വയനാട് വൈത്തിരി സ്വദേശി എം.എസ്. അനൂപ്, കണ്ണൂര്‍ പടിയൂര്‍ സ്വദേശി കെ.വി. ലത്തീഫ് (36) എന്നിവരെയാണ് സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി.) പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 120 കിലോ കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് കടത്തുന്നത് സംബന്ധിച്ച് സിസിബി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് മംഗളൂരു സിസിബി ഇന്‍സ്പെക്ടര്‍ ശ്യാം സുന്ദര്‍ എച്ച്എമ്മിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നഗരത്തില്‍ വാഹന പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് ബൊലേറോ ജീപ്പ് തടഞ്ഞ് പൊലീസ് പരിശോധിച്ചത്. പിന്‍ബമ്പറില്‍ ഘടിപ്പിച്ച പ്രത്യേക ഇരുമ്പ് പെട്ടിയില്‍ കഞ്ചാവ് ഒളിപ്പിച്ചാണ് പ്രതികള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഒഡിഷയില്‍നിന്ന് ആന്ധ്രാപ്രദേശ്, ബംഗളൂരു വഴി ബെലറോ ജീപ്പിലാണ് പ്രതികള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മൊത്തമായി എത്തിച്ചു നല്‍കുന്ന സംഘത്തില്‍പെട്ടവരാണ് പിടിയിലായത്. മംഗളൂരു നഗരവും കേരളവുമാണ് ഇവരുടെ പ്രധാന വിപണന കേന്ദ്രം. പ്രതിയായ അനൂപിനെതിേര 2018-ല്‍ മൈസൂരു ജില്ലയിലെ നഞ്ചന്‍കോട് റൂറല്‍ പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസുള്ളതായും വയനാട്ടിലെ അമ്പലവയല്‍, കല്‍പ്പറ്റ പൊലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കടത്ത്, അടിപിടി തുടങ്ങിയവയ്ക്കും കേസുള്ളതായി പൊലീസ് പറഞ്ഞു. സിസിബി ഉദ്യോഗസ്ഥരായ രാജേന്ദ്ര ബി, നരേന്ദ്രന്‍, സുദീപ്, ശരണപ്പ ഭണ്ഡാരി, പിഎസ്‌ഐ, എഎസ്‌ഐ മോഹന്‍ കെവി, ഷീനപ്പ എന്നിവരടങ്ങുന്ന സിസിബി യൂണിറ്റാണ് കഞ്ചാവ് കടത്ത് തടഞ്ഞത്.


Previous Post Next Post
Kasaragod Today
Kasaragod Today