സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞു പോയ പ്രാദേശിക പത്ര പ്രവര്‍ത്തകനെ കാണാതായതായി പരാതി

 കാസര്‍കോട്: സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞു പോയ പ്രാദേശിക പത്ര പ്രവര്‍ത്തകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂട്ടറും മൊബൈല്‍ ഫോണും റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മത്തടുക്കയിലെ ജോണ്‍ ഡിസൂസ (60)നെയാണ് കാണാതായത്. പെര്‍മുദെയിലെ സുഹൃത്തായ ജോസഫിന്റെ വീട്ടിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ ഡല്‍ഫിന്‍ മൊന്തോര ഫോണ്‍ വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. പല സ്ഥലങ്ങളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഭാര്യ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്പാറില്‍ ജോണ്‍ ഡിസൂസയുടെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. സ്‌കൂട്ടറില്‍ താക്കോലും മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. പൊലീസ് ഇവ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്കു മാറ്റി. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഏറ്റവും ഒടുവില്‍ വിളിച്ചത് ഭാര്യയാണെന്നു കണ്ടെത്തി. അതിനു മുമ്പു വിളിച്ചവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today