കാസർകോട്: അധ്യാപികയായ ഭാര്യയെ സ്‌കൂളിൽ വിട്ടശേഷം തറവാട് വീട്ടിലേക്ക് പോയ അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ കരിവിഞ്ചം സ്വദേശിയും നുള്ളിപ്പാടി നേതാജി ഹൗസിങ് കോളനിയിൽ താമസക്കാരനുമായ ഇ മാധവൻ (59) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ നുള്ളിപ്പാടിയിലെ വീട്ടിൽ നിന്നും അധ്യാപികയായ ഭാര്യ ജ്യോതിലക്ഷ്മിയെ നായ്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്‌കൂളിൽ കൊണ്ടുവിട്ടശേഷം കുറ്റിക്കോൽ കരിവിഞ്ചത്തെ തറവാട് വീട്ടുപറമ്പിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നുള്ളിപ്പാടിയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും.
നാലുവർഷം മുമ്പ് ജി എച്ച് എസ് എസ് ചെമ്മനാട്ടിൽ നിന്നാണ് വിരമിച്ചത്. നേതാജി ഹൗസിങ് കോളനിയിലെ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി, എൻ എസ് എസ് കരയോഗം മണ്ഡലം, കെ പി എസ് ടി ഇ മുൻ സബ് ജില്ലാ ഭാരവാഹി, കേരള പെൻഷനേഴ്സ് അസോസിയേഷൻ അംഗം തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു.
കുറ്റിക്കോലിലെ പരേതരായ കുമാരൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. മക്കൾ: ശ്യാംനന്ദൻ (യു കെ), ദേവിക (എൻജിനീയർ മംഗളുരു). സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ഭാർഗവി, സുമത
ി.