ബൈക്ക് മറിഞ്ഞു ഭര്‍തൃമതിയായ യുവതി മരിച്ചു

 കാസര്‍കോട്: ബദിയടുക്ക പിലാങ്കട്ടയ്ക്കടുത്ത് ഉബ്രങ്കളയില്‍ ഇന്നലെ രാത്രി ബൈക്ക് മറിഞ്ഞു ഭര്‍തൃമതിയായ യുവതി മരിച്ചു. മാവിനക്കട്ട കോളാരിയടുക്കത്തെ ദിനേശന്റെ ഭാര്യ അനുഷ(25) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന ഭര്‍ത്താവ് ദിനേശന്‍, രണ്ട് വയസ്സുള്ള മകള്‍ ശിവന്യ എന്നിവരെ ഗുരുതരപരിക്കുകളോടെ യഥാക്രമം ചെങ്കള, മംഗ്‌ളൂരു ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി കേന്ദ്രങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രി ദിനേശിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് മൂവരും ബൈക്കില്‍ പൊയ്‌ക്കൊണ്ടിരിക്കെ ആയിരുന്നു അപകടം. ഉബ്രങ്കള ഇറക്കത്ത് നിയന്ത്രണം വിട്ട് ബൈക്ക് 10 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ഒച്ച കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മൂവരേയും കരക്കെടുത്ത് ബദിയടുക്ക ആശുപത്രിയിലെത്തിച്ചു. പ്രഥമ ചികിത്സക്ക് ശേഷം ഇവരെ ചെങ്കളയിലെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയില്‍ അനുഷ മരിച്ചു. ദിനേശന്‍ അവിടെ ചികിത്സയില്‍ കഴിയുകയാണ്. രണ്ടു വയസ്സുകാരിയായ മകളെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അനുഷയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. സ്വകാര്യ ബസ് കണ്ടക്ടറാണ് ദിനേശന്‍. നെല്ലിക്കട്ട അതൃക്കുഴിയിലെ പരേതനായ ജയന്‍-വനിത ദമ്പതികളുടെ മകളാണ് അനുഷ. സഹോദരങ്ങള്‍ ജയദീപ്, അശ്വിനി.


Previous Post Next Post
Kasaragod Today
Kasaragod Today