സന്തോഷ് നഗറിലെ സര്‍വ്വീസ് സെന്ററില്‍ നിന്ന് രണ്ട് കാറുകള്‍ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റില്‍

 കാസര്‍കോട്: സര്‍വ്വീസ് സെന്ററില്‍ നിന്ന് രണ്ട് കാറുകള്‍ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴ, എടത്വ, തെക്കേ തലപ്പവാടി വില്ലേജിലെ പുത്തന്‍ പറമ്പില്‍ ഹൗസില്‍ വിനോദ് എന്ന വിനോദ് മാത്യു എന്ന ഇട്ടുപ്പി(45)യാണ് പിടിയിലായത്. കോയമ്പത്തൂരില്‍ വെച്ചാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. 2022 മെയ് 20 ന് ആണ് കേസിനാസ്പദമായ സംഭവം. ചെങ്കള, സന്തോഷ് നഗറിലെ ഒരു സര്‍വ്വീസ് സെന്ററില്‍ നിന്നാണ് ഒരേ ദിവസം രാത്രി രണ്ടു കാറുകള്‍ മോഷണം പോയത്. സംഭവത്തില്‍ കാര്‍ സര്‍വ്വീസ് സെന്ററിലെ ജീവനക്കാര്‍ നല്‍കിയ പരാതിയിന്മേല്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയില്‍ മറ്റൊരു വാഹനമോഷണ കേസില്‍ ഇട്ടൂപ്പിനെ കോയമ്പത്തൂരില്‍ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിലാണ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് രണ്ട് കാറുകള്‍ മോഷ്ടിച്ച കാര്യം ഇട്ടൂപ്പ് സമ്മതിച്ചത്. മറ്റൊരാളുടെ സഹായത്തോടെ കോയമ്പത്തൂരിലെത്തിച്ച കാറുകള്‍ ആക്രിവിലയ്ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് ഇട്ടൂപ്പ് നല്‍കിയ മൊഴി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.


Previous Post Next Post
Kasaragod Today
Kasaragod Today