കാസർകോട് : എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ എസ് ഐ ചികിത്സയ്ക്കിടെ മരണപ്പെട്ടു. സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയും കോളിച്ചാൽ സ്വദേശിയുമായ കെ വിജയനാ(49)ണ് ശനിയാഴ്ച സന്ധ്യയോടെ മരണപ്പെട്ടത്. വിവരത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് പൊലീസ് പുറപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്നാണ് വിഷം കഴിച്ചത്. ആദ്യം മംഗളൂരുവിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ആയിരുന്നു ചികിത്സ നടത്തിയിരുന്നത്. വോട്ടെടുപ്പ് ദിവസം ബേഡടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ധന്യയെ അപമാനിച്ചു എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകത്തിനെതിരെ കേസെടുക്കാൻ വിജയനുമേൽ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ ഇത് കള്ളക്കേസ് എന്നായിരുന്നു ആരോപണം. ഇതിനുശേഷം എസ്ഐ വിജയൻ മാനസിക സമ്മർദ്ദത്തിലായിരുന്നത്രേ. ഇതിനുശേഷമാണ് ഇദ്ദേഹം പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിനായ്കിന്റെയും അക്കാച്ചുഭായുടെയും മകനാണ്. ശ്രീജയാണ് ഭാര്യ. മക്കൾ: ആവണി, അഭിജിത്ത് (ഇരുവരും വിദ്യാർത്ഥികൾ), സഹോദരങ്ങൾ: പരേതനായ ജനാർദ്ദനൻ, ബാലാമണി(കുടുംബൂർ), നാരായണി(അടൂർ).
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ എസ് ഐ മരണപ്പെട്ടു
mynews
0