മകളുടെ കല്യാണത്തലേന്ന് കാണാതായ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്: മകളുടെ കല്യാണത്തിന്റെ മൈലാഞ്ചി കല്യാണത്തലേന്ന് കാണാതായ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ, കാര്‍ളെ സ്വദേശിനി പത്മിനിയുടെ മകന്‍ രാജറാവു(51)വിനെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

മകളുടെ കല്യാണം വ്യാഴാഴ്ച കര്‍മ്മന്തൊടിയിലെ ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. കല്യാണത്തിന്റെ ഭാഗമായുള്ള മൈലാഞ്ചി കല്യാണം ബുധനാഴ്ചയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ തുടരുന്നതിനിടയിലാണ് ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറുമായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് ശേഷം വിവരമൊന്നും ലഭിച്ചിരുന്നില്ല. ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. അന്വേഷണം തുടരുന്നതിനിടയില്‍ ബുധനാഴ്ച സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംശയത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടരുന്നതിനിടയിലാണ് മുള്ളേരിയ, ദേലംപാടിയിലെ ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ആദൂര്‍ പൊലീസ് കേസെടുത്തു. ജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍: ദീപ്തി, ദീക്ഷ


.

Previous Post Next Post
Kasaragod Today
Kasaragod Today