എടനീരില്‍ ഗ്യാസ് ടാങ്കര്‍ ലോറി റോഡിനു കുറുകെ മറിഞ്ഞു

കാസര്‍കോട്: ചെര്‍ക്കള-ബദിയഡുക്ക റോഡിലെ എടനീരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. മംഗ്‌ളൂരുവില്‍ നിന്നു കൊച്ചിയിലേക്കു പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് എടനീര്‍, കോരിക്കാര്‍ മൂലയില്‍ അപകടത്തില്‍പ്പെട്ടത്. റോഡിനു കുറുകെ മറിഞ്ഞു വീണ ടാങ്കറില്‍ നിന്നു ഗ്യാസ് ചോര്‍ച്ച ഉള്ളതായി ആദ്യം സംശയം ഉയര്‍ന്നിരുന്നു. ഫയര്‍ ഫോഴ്‌സെത്തി നടത്തിയ പരിശോധനയില്‍ ചോര്‍ച്ച ഇല്ലെന്നു ഉറപ്പാക്കി.
അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞു. വിവരമറിഞ്ഞ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.എം രാജേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്തിയോ മറ്റൊരു ടാങ്കര്‍ എത്തിച്ച് ഗ്യാസ് അതിലേക്കു മാറ്റുകയോ വേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. ചന്ദ്രഗിരി പാലത്തിനു സമീപത്തു റോഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടുള്ളതിനാല്‍ കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ടാങ്കര്‍ ലോറികള്‍ അടക്കമുള്ള ചരക്കുവാഹനങ്ങള്‍ എടനീര്‍ വഴിയാണ് ഓടിക്കൊണ്ടിരുന്നത്.
Previous Post Next Post
Kasaragod Today
Kasaragod Today