ചെങ്കല്‍ ക്വാറിയുടമകളുടെ സമരപ്പന്തലില്‍ ക്വാറി ഉടമ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

വിദ്യാനഗര്‍: ചെങ്കല്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ ക്ഷേമസംഘം നടത്തിവരുന്ന സത്യാഗ്രഹപ്പന്തലില്‍ ക്വാറി ഉടമ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മടിക്കൈ മലപ്പച്ചേരിയിലെ ഗോപാലകൃഷ്ണ(59)നാണ് ഇന്ന് രാവിലെ വിദ്യാനഗര്‍ സ്റ്റേഡിയം റോഡിന് സമീപത്തെ സമരപ്പന്തലില്‍ വിഷം കഴിച്ചത്. ഗോപാലകൃഷ്ണനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.
ചെങ്കല്‍ മേഖലയില്‍ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെയാണ് ക്വാറി ഉടമകള്‍ നടത്തിവരുന്ന സമരം ഒരാഴ്ച പിന്നിട്ടു. അനിശ്ചിതകാല സമരവും ഉപവാസവും ആരംഭിച്ചതോടെ ജില്ലയിലെ 3500ലേറെ തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും പ്രതിസന്ധിയിലാണ്. നിര്‍മ്മാണ മേഖലയിലും കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. 2023ല്‍ നിലവില്‍ വന്ന കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടഭേദഗതി ചെങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്നും പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നുമാണ് ചെങ്കല്‍ ക്വാറി ഉടമകളുടെ ആവശ്യം. ചെങ്കല്‍ ഖനനമേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സമിതിയെ നിശ്ചയിച്ചിരുന്നു. എന്നാല്‍ പരിഹാര നടപടികളുണ്ടാകുന്നില്ല.
ദേശീയ ഹരിത ട്രിബ്യൂണല്‍ 2018ല്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചെങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയിരുന്ന ജില്ലാതല സമിതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഇതിന് ശേഷം സംസ്ഥാനതല അതോറിറ്റിയാണ് പാരിസ്ഥിതികാനുമതി നല്‍കുന്നത്. സംസ്ഥാനതല അതോറിറ്റിയുടെ അനുമതിക്ക് വര്‍ഷങ്ങളോളം കാലതാമസം നേരിടുകയാണെന്നും ഇക്കാരണത്താല്‍ പെര്‍മിറ്റെടുത്ത് ചെങ്കല്‍മേഖലയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നുമാണ് ചെങ്കല്‍ക്വാറി ഉടമകള്‍ ആരോപിക്കുന്നത്. അപേക്ഷ ലഭിച്ചാല്‍ ആറുപത് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കണമെന്നരിക്കെ മാസങ്ങളും വര്‍ഷങ്ങളും നീണ്ടുപോകുന്ന സാഹചര്യം ചെങ്കല്‍ക്വാറി മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി ഉടമകള്‍ പറയുന്നു. അതേസമയം സംസ്ഥാനതല അതോറിറ്റിയുടെ പാരിസ്ഥിതികാനുമതി ലഭിച്ചിട്ടും പെര്‍മിറ്റെടുക്കാത്തവരും ചെങ്കല്‍ ക്വാറി ഉടമകള്‍ക്കിടയിലുണ്ട്. ഭീമമായ തുക റോയല്‍റ്റി അടക്കേണ്ടിവരുന്നത് കാരണം ചെങ്കല്‍ ഉല്‍പ്പാദനം നഷ്ടത്തിലാകുമെന്നതാണ് ആശങ്കക്ക് കാരണം.
Previous Post Next Post
Kasaragod Today
Kasaragod Today