കാസർഗോഡ്: കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഏഴാമത്തെ ക്യാമ്പസ് കാസർഗോഡ് ജില്ലയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഈ ക്യാമ്പസ്സിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റ് പ്രവർത്തനമാരംഭിച്ചു. ഈ കോളേജിന് എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (കെ.ടി.യു) അഫിലിയേഷനും എ.ഐ.സി.ടി.ഇയുടെ അംഗീകാരവുമുണ്ട്.
കാസർകോട് കാമ്പസിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 3-ന് രാവിലെ 9:30-ന് കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. അഡ്വ. പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., ഡോ. യു ടി ഇഫ്തികാർ (കർണാടക സ്റ്റേറ്റ് അല്ലയ്ഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ), ശ്രീ. എൻ. എ. നെല്ലിക്കുന്ന് എം.എൽ.എ., ശ്രീ. ഇ. ചന്ദ്രശേഖരൻ എം.എൽ.എ., ശ്രീ. എ. കെ. എം. അഷ്‌റഫ് എം.എൽ.എ., ശ്രീ. സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ., ശ്രീ. എം. രാജഗോപാലൻ എം.എൽ.എ., സിൻഡിക്കേറ്റ് മെമ്പർമാരായ ശ്രീ. കെ.സച്ചിൻ ദേവ് എം.എൽ.എ., അഡ്വക്കേറ്റ് ഐ. സജു,ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ശാന്ത ബി., ടി.എം ഷാഹിദ് തെക്കയിൽ(ചെയർമാൻ മിനിമം വേജ് അഡ്വൈസറി ബോർഡ്,കർണാടക)എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
വർഷങ്ങളായി കാസർഗോഡ് ജില്ലയിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി സമീപ ജില്ലകളെയും അയൽ സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ടി വരികയായിരുന്നെന്നും, കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പുതിയ ക്യാമ്പസ് വഴി കാസർഗോഡ് ജില്ല അനുഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ പോരായ്മ നികത്താനാവുമെന്നും, കെഎംസിടിയുടെ പുതിയ കോളേജിൽ ഈ വർഷം ബിടെക് പ്രോഗ്രാമുകളിലേക്ക് സർക്കാർ അംഗീകൃത ഫീസിൽ അഡ്മിഷൻ നടത്തിയതായും കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ.മൊയ്തു വാർത്താ ഗ്രൂപ്പിൽ അറിയിച്ചു. കോളേജ് പ്രിൻസിപ്പാൾ അൻഷാദ്, ജിതിൻ.വി,മുഹമ്മദ് സാലിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.