ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ രണ്ട് മുസ്ലിം യുവാക്കളെ ആക്രമിച്ച് കൊന്ന സംഘത്തിലുണ്ടായിരുന്നുവെന്ന് ആരോപിച്ച് പൊലീസ് പ്രതി ചേര്‍ത്ത മുസ്ലിം യുവാവിന് കോടതി ജാമ്യം നല്‍കി. മുസ്ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തിയ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള അക്രമി കൂട്ടത്തില്‍ മുസ്ലിം ചെറുപ്പക്കാരനുണ്ടായിരുന്നുവെന്നത് അവിശ്വസനീയമാണെന്ന് ചൂണ്ടികാണിച്ചാണ് കോടതി ജാമ്യം നല്‍കിയത്.
അഷ്ഫാഖ് ഹുസൈന്‍, സാകിര്‍ എന്നിവരെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ആരിഫ് എന്നയാളും ഉള്‍പ്പെട്ടിരുന്നുവെന്ന് ആരോപിച്ചാണ് പൊലീസ് പ്രതി ചേര്‍ത്തത്.
ജാമ്യാപേക്ഷ എതിര്‍ത്ത സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് ചൗധരി ആരിഫ് അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് കോടതിയില്‍ ആവര്‍ത്തിച്ചു.
മുസ്ലിംകളെ ആക്രമിക്കുക എന്ന ലക്ഷ്യത്തില്‍ സംഘടിച്ച ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള അക്രമി സംഘത്തില്‍ ആരിഫ് ഉണ്ടായിരുന്നുവെന്നത് അവിശ്വസനീയമാണെന്നും പ്രോസിക്യൂട്ടറുടെ വാദത്തില്‍ അവ്യക്തതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആരിഫ് സംഘത്തിലുണ്ടായിരുന്നുവെന്നതിന് സി.സി.ടി.വി ദൃശ്യങ്ങളോ മറ്റു തെളിവുകളോ കോടതിയില്‍ നല്‍കിയിരുന്നില്ല. അക്രമം നടന്ന സ്ഥലത്തെ താമസക്കാരനാണ് പ്രതി ചേര്‍ക്കപ്പെട്ട ആരിഫ്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ രേഖകളുപയോഗിച്ച് പ്രതി ചേര്‍ക്കാനാണ് പൊലീസ് നീക്കം.
